നീന്തലിൽ സ്വയംപര്യാപ്തത തേടി പട്ടാമ്പി
1452623
Thursday, September 12, 2024 1:41 AM IST
ഷൊർണൂർ: മുങ്ങിമരണങ്ങൾക്ക് വിട, നീന്തലിൽ സമ്പൂർണസാക്ഷരത തേടിയൊരു നാട്. നീന്തലറിയാതെയുള്ള മുങ്ങിമരണം ഒഴിവാക്കാൻവേണ്ടി പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിഭാവനംചെയ്ത "ഓളം' നീന്തൽ പരിശീലനപരിപാടിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. നീന്തൽ അറിയാമെങ്കിലും മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും നീന്തലറിയാതെയും ഉണ്ടാകുന്ന മുങ്ങിമരണങ്ങൾക്കു പരിഹാരം കാണാനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലത്തിലെ എല്ലാവരെയും നീന്തൽ സാക്ഷരതയുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ, പഞ്ചായത്തുകൾ, ഫയർഫോഴ്സ്, ട്രോമ കെയർ, നീന്തൽ പരിശീലന രംഗത്ത് പ്രാവീണ്യം നേടിയവർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെയെല്ലാം സഹകരണത്തോടെ പരിപൂർണ സുരക്ഷ ഒരുക്കിയാണ് പരിശീലനം. നീന്തൽ പരിശീലനത്തോടൊപ്പം വെള്ളത്തിൽ വീണ് അറിയാതെ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനാവശ്യമായ പരിശീലനം കൂടി പദ്ധതിയുടെ ലക്ഷ്യമാണ്.
പരിശീലനത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്ത്, പരിശീലന സമയം മുൻകൂട്ടി അറിയിച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശീലനം. പരിശീലകരില്ലാത്ത സമയങ്ങളിൽ കുട്ടികൾ കുളങ്ങളിൽ വന്നുപോകുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. നീന്തൽ പഠിച്ചു കഴിഞ്ഞവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും എംഎൽഎ പറഞ്ഞു.
പട്ടാമ്പി നഗരസഭയിലെ കൊടലൂർ പെരിക്കാട്ട് കുളത്തിൽ കുട്ടികൾക്കും പരിശീലകർക്കും ഒപ്പം നീന്തിയാണ് എംഎൽഎ പരിശീലനം ഉദ്ഘാടനം ചെയ്തത്. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു..
നഗരസഭ ഉപാധ്യക്ഷൻ ടി.പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ പി. വിജയകുമാർ, കൗൺസിലർമാരായ മുനീറ ഉനൈസ്, സൈതലവി വടക്കേതിൽ, കെ.ടി. ഹമീദ്, സി.എ. റാസി, ജില്ലാ പഞ്ചായത്തംഗം എ.എൻ. നീരജ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം എം. രാമചന്ദ്രൻ, പ്രസംഗിച്ചു.