വിപണിയിൽ താരമായി വെള്ളമുളക്
1452622
Thursday, September 12, 2024 1:41 AM IST
നെന്മാറ: വില 300 കടന്നതോടെ ഓണവിപണിയിൽ താരമായി വെള്ളക്കാന്താരി. വെള്ളമുളക് ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർകൂടിയതുമാണ് വില കൂടാൻ കാരണം. നെന്മാറ വിത്തനശേരി വിഎഫ്പിസികെ യിലാണ് 250 രൂപ വിലയെത്തിയത്.
പൊതുവിപണിയിൽ 300 രൂപവരെ വിലയ്ക്കാണ് വില്പന നടക്കുന്നത്. ഓണസദ്യ ഒരുക്കുന്നതിലെ ചില വിഭവങ്ങളിൽ പച്ചമുളകിനു പകരം വെളുത്തമുളക് ചേർക്കുന്നതുകൊണ്ട് വിഭവങ്ങൾക്ക് പച്ചനിറം ഉണ്ടാവാതെ വെളുത്ത നിറം കിട്ടുമെന്ന് പാചകക്കാരും പറയുന്നു.
ഒരാഴ്ച മുമ്പുവരെ വെളുത്ത മുളകിന് 150 രൂപവരെയായിരുന്നു വില. ഒരാഴ്ചയ്ക്കിടെയാണ് ഓണവിപണിയിൽ ആവശ്യക്കാർ ഏറിയതോടെ വില കൂടിയത്. വേനലിൽ നട്ടുവളർത്തിയ വെള്ളമുളക് പ്രധാനമായും കൃഷിചെയ്യുന്ന വിത്തനശേരി, കണ്ണോട്, എടക്കം പാടം പ്രദേശങ്ങളിലെ മുളകുപൊടി കൃഷിയിടങ്ങളിൽ ഈ വർഷത്തെ മുളകു വിളവെടുപ്പ് കഴിയാറായി. വില കൂടിയതോടെ ഓണത്തിന് മുന്നോടിയായി ലഭ്യമായ മുഴുവൻ മുളകും വിപണിയിൽ എത്തിക്കുകയാണ് കർഷകർ. ആയതിനാൽ വലിപ്പം കൂടിയവയും കുറഞ്ഞവയും വിപണിയിൽ എത്തുന്നുണ്ട്.
മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നതിനും വെളുത്ത മുളകിന് ആവശ്യക്കാർ ഏറുന്നുണ്ട്. വെള്ള മുളക് വില 300 ൽ എത്തിയതോടെ കാന്താരി മുളക് 700 രൂപ കടന്നു. പച്ചമുളക് ചെടികളേക്കാൾ ശുശ്രൂഷ വെളുത്ത മുളകിന് ആവശ്യമാണ്. ആയതിനാൽ പച്ചമുളകിനേക്കാൾ ഉത്പാദനവും കുറവാണ് വെള്ളമുളക്.
കൗതുകമായി മഞ്ഞ, ഓറഞ്ച്, വയലറ്റ് തുടങ്ങി പല നിറത്തിലും ആകൃതിയിലും മുളകുകൾ ഉണ്ടെങ്കിലും ഉത്പാദനക്കുറവ് മൂലം ഇവയൊന്നും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല.