മോദിസർക്കാരിന്റേതു കോർപറേറ്റുകളെ പിന്തുണയ്ക്കുന്ന നയം: പി. സന്തോഷ് കുമാർ എംപി
1452631
Thursday, September 12, 2024 1:41 AM IST
ചിറ്റൂർ: മോദി സർക്കാർ പൂർണമായും കോർപറേറ്റുകളെ പിന്തുണയ്ക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നു പി. സന്തോഷ് കുമാർ എംപി പറഞ്ഞു. കിസാൻ സഭ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ 65% ഗ്രാമീണമേഖലയിൽ ഉള്ള ജനങ്ങളാണ്. ഇവരുടെ ഉപജീവനമാർഗം കൃഷിയാണ്. എന്നാൽ നമ്മുടെ ബജറ്റ് വിഹിതത്തിന്റെ മൂന്നുശതമാനം മാത്രമാണ് കാർഷികമേഖലയ്ക്കായി നീക്കിയിരിക്കുന്നത്. ഇതിൽനിന്ന് സർക്കാർ ആർക്കൊപ്പം ആണെന്നു മനസിലാക്കാം. അടിസ്ഥാനജനവിഭാഗങ്ങളെ അവഗണിക്കുന്ന സർക്കാർ കോർപറേറ്റ് ടാക്സും അവർക്കുള്ള നികുതിയും കുറയ്ക്കുകയാണ്.
രാസവളം, ഇന്ധനം എന്നിവയിലെ വിലവർധന കാർഷിക ഉത്പാദനത്തിൽ കുറവ് വരുത്തി. രാജ്യത്തിന്റെ ഭക്ഷ്യ ആവശ്യം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നും സന്തോഷ് കുമാർ പറഞ്ഞു. കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി, കെ. വി. വസന്തകുമാർ, കെ.പി. സുരേഷ്കുമാർ, കെ.എൻ. മോഹൻ, പൊറ്റശേരി മണികണ്ഠൻ, എൻ.ജി. മുരളീധരൻ നായർ, സുമലത മോഹൻദാസ്, ടി. സിദ്ധാർഥൻ, കെ. രാധാകൃഷ്ണൻ, പി. അശോകൻ, കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. കെ. രാമചന്ദ്രനെ പ്രസിഡന്റായും പൊറ്റശേരി മണികണ്ഠനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.