അനങ്ങൻമല കരിങ്കൽ ക്വാറിക്ക് പ്രവർത്തനം തുടരാൻ ഉദ്യോഗസ്ഥപിന്തുണയെന്ന് ആക്ഷേപം
1452854
Friday, September 13, 2024 1:30 AM IST
ഒറ്റപ്പാലം: വരോട് അനങ്ങൻമലയിലെ കരിങ്കൽ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങികഴിഞ്ഞു. അനങ്ങൻമലയുടെ അടിവാരത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികൾ തൊട്ട് പ്രാദേശിക ജനപ്രതിനിധികൾ വരെ ക്വാറിക്കെതിരെ സമര രംഗത്തുണ്ട്.
എന്നാൽ ഉദ്യോഗസ്ഥരിൽ ചിലർ ഇപ്പോഴും ക്വാറിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും ഈ ആരോപണം ഉയർന്നു വന്നിരുന്നു. ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ കക്ഷി ഭേദമില്ലാതെയുള്ള രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ സിപിഎം ഏരിയാസെക്രട്ടറി എസ്. കൃഷ്ണദാസാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത് .
ഉടമയേക്കാൾ ക്വാറി നിലനിൽക്കണമെന്ന താത്പര്യം ചില ഉദ്യോഗസ്ഥർക്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അടുത്തിടെ ക്വാറിയിൽ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരിൽ ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായും കൃഷ്ണദാസ് ആരോപിച്ചു. ക്വാറി അടച്ചു പൂട്ടാൻ പ്രമേയം വഴി ആവശ്യം ഉന്നയിക്കണമെന്നും മറ്റ് ക്വാറികളെ അപേക്ഷിച്ച് ഏറെ അപകടസാധ്യതയേറിയ ക്വാറിയാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ. ജാനകി ദേവി, കേരള കോൺഗ്രസ് പ്രതിനിധി തോമസ് ജേക്കബ്, കേരളാ കോൺഗ്രസ്- എം പ്രതിനിധി ജയരാജ്, ജനതാദൾ പ്രതിനിധി മൊയ്തീൻകുട്ടി തുടങ്ങിയവരും പ്രമേയം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചട്ടപ്രകാരം പ്രമേയ രൂപത്തിൽ ആവശ്യപ്പെടാനാവില്ലെന്നും സഭയുടെ പൊതു വികാരം എന്ന നിലക്ക് ബന്ധപ്പെട്ടവരെ അറിയിക്കാമെന്നുമാണ് ഇക്കാര്യത്തിൽ തഹസിൽദാർ നിലപാട് വ്യക്തമാക്കിയത്. നഗരസഭാ കൗൺസിൽ ഒന്നടങ്കം എതിർത്ത വിഷയത്തിൽ നഗരസഭ സെക്രട്ടറി ക്വാറിക്ക് അനുകൂലമായി നിലപാടെടുത്തത് ഗൗരവമായി കാണണമെന്ന് മുസ്ലിംലീഗ് നേതാവ് പി.എം.എ. ജലീൽ ആവശ്യപ്പെട്ടു. സെക്രട്ടറി രേഖാമൂലം ക്വാറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും വീടുകൾ ക്വാറിക്ക് സമീപമില്ലെന്ന് റിപ്പോർട്ട് നൽകിയതായും ജലീൽ ആരോപിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനങ്ങൻമലയിൽ പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറിക്ക് പ്രവർത്തനം നിർത്തിവയ്ക്കാൻ അധികൃതർ താത്കാലിക ഉത്തരവ് നൽകിയിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ക്വാറിയുടെ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടികളുമായി കരിങ്കൽ ക്വാറി ഉടമ സ്വാധീനം ഉപയോഗിച്ച് ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.