ഓലകരിച്ചിൽ: നെൽകർഷകർക്ക് ഇൻഷ്വറൻസ് ആനുകൂല്യം നൽകണം
1452624
Thursday, September 12, 2024 1:41 AM IST
നെന്മാറ: അയിലൂർ, നെന്മാറ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വ്യാപകമായി ബാക്ടീരിയൽ ഓലകരിച്ചിൽ വ്യാപിക്കുന്നു. അയിലൂർ കൃഷിഭവൻ പരിധിയിലെ കാക്രാങ്കോട്, മരുതഞ്ചേരി പാടശേഖരങ്ങളിലാണ് രോഗബാധ കൂടുതലായി വ്യാപിച്ചത്.
വിവിധ ഇടങ്ങളിലായി 60 ഏക്കറോളം സ്ഥലങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ടെന്നാണ് കർഷകരായ സി.പി. സുബ്രഹ്മണ്യൻ, സരസമ്മ ഭാസ്ക്കരൻ, അബ്ദുൾ അസീസ്, ജോസ്, മൊയ്തീൻകുട്ടി, അബ്ദുൾ റസാക്ക്, രാധ എന്നിവർ പരാതിപ്പെടുന്നത്. കതിരുവന്നു തുടങ്ങിയ നെൽച്ചെടികളുടെ വളർച്ച മുരടിക്കുകയും വലിപ്പം കൂടിയ ഓലകൾ കരിഞ്ഞ് വൈക്കോൽ രൂപത്തിൽ ആവുകയും ചെയ്യുന്നു. ചെടികളുടെ വളർച്ച മുരടിച്ചതോടെ ഉത്പാദനം നാമമാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്.
ഇതുമൂലം കർഷകർക്ക് ഉഴവുകൂലി മുതൽ നാളിതുവരെ കീടനാശിനി തളിക്കുവാൻ ചെലവാക്കിയ തുക പോലും ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടാകുന്നത്. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസ് പ്രീമിയവും, കേന്ദ്രസർക്കാരിന്റെ കാലാവസ്ഥാ ഇൻഷ്വറൻസ് സ്കീമിലും തുക അടച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിൽ വിളനാശം ഉണ്ടായിട്ടും സർക്കാർ ആനുകൂല്യങ്ങളോ ഇൻഷ്വറൻസ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് കർഷകർ പരാതിപ്പെട്ടു.