വൈദ്യുതിക്കെണിയിൽപ്പെട്ട് വയോധികൻ മരിച്ചു
1452092
Tuesday, September 10, 2024 1:53 AM IST
വടക്കഞ്ചേരി: തോട്ടിൻകരയിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. കണക്കൻതുരുത്തി പല്ലാറോഡ് നാരായണനാ(80)ണ് മരിച്ചത്. പന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ തുരത്താൻവച്ച വൈദ്യുതികെണിയിൽപ്പെട്ട് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്നലെ രാവിലെ ആറോടെ വീടിനു സമീപത്തെ പറമ്പിനു താഴെ വീതികുറഞ്ഞ തോട്ടിൽ നാരായണനെ മരിച്ചനിലയിൽ കണ്ടത്. കെണിയൊരുക്കാൻ ഉപയോഗിച്ച കമ്പിയിൽ പിടിച്ചനിലയിൽ തോട്ടിൻകരയിൽ മലർന്നാണ് മൃതദേഹം കിടന്നിരുന്നത്.
സമീപത്തെ മോട്ടോർപുരയ്ക്കു സമീപമുള്ള വൈദ്യുതി പോസ്റ്റിൽനിന്നാണ് കമ്പി വലിച്ചിട്ടുള്ളത്. പന്നിശല്യം രൂക്ഷമായിട്ടുള്ള പ്രദേശമാണിവിടെ. ഡോഗ് സ്ക്വാഡ്, ഫോറൻസിക് - സയന്റിഫിക് വിദഗ്ധർ, കെഎസ്ഇബി, ഫോറസ്റ്റ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർമഠത്തിൽ. ഭാര്യ: പാറു. മക്കൾ: ഉണ്ണികൃഷ്ണൻ, സുരേഷ്, കനകമണി, ലത, ശോഭന, പരേതനായ സന്തോഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രൻ, സുനിൽ, ബിന്ദു, പ്രിയ.