വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും അറ്റകുറ്റപ്പണി
1452066
Tuesday, September 10, 2024 1:46 AM IST
വടക്കഞ്ചേരി: 37 തവണ കുത്തി പ്പൊളിച്ച് റിപ്പയർ വർക്കുകൾ നടത്തിയ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയ്ക്കു തുടക്കംകുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി. ഇത് മുപ്പത്തിയെട്ടാം തവണയാണ് കുത്തിപ്പൊളിക്കുന്നതെന്നാണ് കണക്ക്. തൃശൂർ ഭാഗത്തേക്കുള്ള പാതകളിലാണ് പണി നടക്കുന്നത്. പതിവുപോലെ വാഹനങ്ങൾ ഒറ്റവരിയിലൂടെ തിരിച്ചുവിട്ടാണ് പണികൾ.
പാലം ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും തവണ റിപ്പയർ വർക്കുകൾ നടക്കുന്നത്. 2021 ഫെബ്രുവരി ആറിനാണ് മേൽപ്പാലം തുറന്നത്. മറ്റു പാലങ്ങൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്തത്ര റിപ്പയർ വർക്കുകൾ കുറഞ്ഞ വർഷത്തിനുള്ളിൽ തന്നെ ഈ മേൽപ്പാലത്തിൽ നടത്തിയിട്ടുണ്ട്. നേരത്തെയൊക്കെ റിപ്പയർ വർക്കുകൾക്ക് രണ്ട് മാസമെങ്കിലും ആയുസുണ്ടായിരുന്നു. ഇപ്പോൾ ഒരു മാസം തന്നെ കാത്തു നിൽക്കാനാകുന്നില്ല. അതിനു മുന്നേ തകരുകയാണ്. ഇക്കഴിഞ്ഞ ജൂലൈ ഒടുവിലാണ് അവസാനമായി റിപ്പയർ കഴിഞ്ഞ് വാഹനങ്ങൾ കടത്തിവിട്ടത്.
രണ്ട് ബീമുകൾ തമ്മിൽ യോജിപ്പിക്കുന്ന ഭാഗങ്ങൾ തകരുന്നതാണ് നിരന്തരമായ പണികൾക്ക് കാരണമാകുന്നത്. നല്ല വേനലിൽ ബീമുകൾ തമ്മിൽ കൂടുതൽ അകന്ന് വിടവ് കൂടും. പത്ത് സെന്റീമീറ്റർ വരെ വിടവ് ഉണ്ടാകും. മഴക്കാലത്ത് ബീമുകൾ അടുത്ത് കമ്പികൾ തള്ളി പുറത്തേക്ക് വരും. ഇത് വാഹനാപകടങ്ങൾ ഉണ്ടാക്കും. വേഗതയിൽ വരുന്ന വാഹനങ്ങൾ വിടവിലും കമ്പികളിലും തട്ടി നിയന്ത്രണം തെറ്റും. വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ വേറെ. ചുരുക്കത്തിൽ അനുവദനീയമായ വേഗതയിൽ പോലും വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയിലൂടെ വാഹനങ്ങൾക്ക് പോകാനാകില്ല.
വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള 28 കിലോമീറ്റർ ദൂരത്തിനിടെ പലയിടത്തും തടസങ്ങളാണ്. ഗോ സ്ലോ, സ്റ്റോപ്പ്, ശ്രദ്ധിച്ചു പോവുക, ഇടുങ്ങിയ പാത തുടങ്ങി അപകട മുന്നറിയിപ്പു ബോർഡുകളാണ് റോഡിൽ നിറയെ.ഇതിനിടെ ഇപ്പോൾ വാണിയംപാറയിലും കല്ലിടുക്കും മുടിക്കോടും അടിപ്പാത നിർമാണവും നടക്കുന്നുണ്ട്.
വഴിതിരിച്ചുവിടുന്ന ഇവിടെയെല്ലാം വാഹന കുരുക്കാണ്. ആറുവരിപാതയാണെന്നതിന്റെ പേരിൽ പന്നിയങ്കരയിൽ ഉയർന്ന ടോൾ കൊടുത്തു പോകുന്ന വാഹനയാത്രികരാണ് ഇതുമൂലം നിശ്ചിത സ്ഥലത്ത് യഥാസയം എത്താനാകാതെ ബുദ്ധിമുട്ടുന്നത്.