ടൂറിസംവികസനം: നെല്ലിയാമ്പതിയിൽ ഓപ്പൺ സെമിനാർ
1452858
Friday, September 13, 2024 1:30 AM IST
നെന്മാറ: നാഷണൽ ജനതാദൾ നെല്ലിയാമ്പതിയിൽ ഓപ്പൺസെമിനാർ നടത്തി. നെല്ലിയാമ്പതി ടൂറിസം മേഖലയിലെ തൊഴിൽ സാധ്യത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുലയംപാറ ജംഗ്ഷനിലാണ് ഓപ്പൺ സെമിനാർ നടത്തിയത്. ലോകത്താകമാനം ടൂറിസം വികസിച്ചു വരുമ്പോൾ നെല്ലിയാമ്പതി മേഖലയിൽ ഭരണാധികാരികളുടെ നിഷേധാത്മക നിലപാടുകൾ മൂലം ടൂറിസ്റ്റ് സാധ്യതകൾ ഇല്ലാതാകുകയാണ്.
ടൂറിസംരംഗത്ത് തൊഴിൽ സാധ്യത കുറയുന്നവിധത്തിൽ വനംവകുപ്പ് മാൻപാറ, കുരിശുപള്ളി, കാരപ്പാറ വ്യൂപോയിന്റ്, സൂര്യപാറ വ്യൂപോയിന്റ്, ഹിൽടോപ്പ് തുടങ്ങിയ പ്രദേശങ്ങൾ ചങ്ങലയിട്ടു പൂട്ടി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു കൊണ്ടിരിക്കുന്നു.
ഇതുമൂലം ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു വരികയും ടൂറിസം മേഖലയിൽനിന്ന് തൊഴിൽസാധ്യത കുറയുകയും ചെയ്യുന്നതായി സെമിനാർ ചൂണ്ടിക്കാട്ടി. സമാനരീതിയിൽ നെല്ലിയാമ്പതി തോട്ടങ്ങളിലെ തൊഴിൽസാധ്യതകൾ കുറഞ്ഞു വന്നതും ചർച്ചാവിഷയമായി.
പലതോട്ടങ്ങളും, സർക്കാർ ഏറ്റെടുത്തതോടെ തൊഴിലില്ലാതെ തൊഴിലാളികുടുംബങ്ങൾ ദുരിതത്തിലായതും തോട്ടംമേഖല അതിഥി തൊഴിലാളികൾ മാത്രമായതിനാലും പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല.
പുലയമ്പാറയിൽ നാഷണൽ ജനതാദളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓപ്പൺ സെമിനാർ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ്, പ്രസിഡന്റ് കെ.എം. സലിം എന്നിവർ പ്രസംഗിച്ചു.