ആവശ്യങ്ങൾ നേടിയെടുക്കാൻ കർഷകർ രാഷ്ട്രീയത്തിന് അതീതമായി ഒന്നിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1452073
Tuesday, September 10, 2024 1:46 AM IST
ചിറ്റൂർ: രാഷ്ട്രീയത്തിന് അതീതമായി കർഷകർ സംഘടിതമാവേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കിസാൻ സഭ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചിറ്റൂരിൽ സംഘടിപ്പിച്ച അന്തർ സംസ്ഥാന നദീജല കരാറുകളും കേരളവും എന്ന വിഷയത്തിെലെ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറമ്പിക്കുളം ആളിയാർ കരാർ വിഷയത്തിൽ തമിഴ്നാടിന്റെത് നഗ്നമായ കരാർ ലംഘനമാണ്. മാറിവരുന്ന സർക്കാറുകൾ കരാർ പുതുക്കുന്നതിനോ കേരളത്തിന് ആവശ്യമായ ജലം നേടിയെടുക്കുന്നതിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പറമ്പിക്കുളം ആളിയാർ കരാർ വിഷയത്തിലും സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനും രാഷ്ട്രീയ ഭേദം മറന്ന് കർഷകർ ഒന്നിക്കണം എന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
റിട്ട. ഇറിഗേഷൻ എൻജിനീയർ പി .എം.വൈ. മൻസൂർ വിഷയാവതരണം നടത്തി. കിസാൻ സഭ ജില്ലാ സെക്രട്ടറി പൊറ്റശേരി മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എ .എസ്. ശിവദാസ്, ജില്ലാ പ്രസിഡന്റ് കെ. ഷാജഹാൻ, എൻ.ജി. മുരളീധരൻ നായർ, കെ.കെ. ഹരിപ്രകാശ്, കെ. രാധാകൃഷ്ണൻ, കെ. രാമചന്ദ്രൻ, കെ.എൻ. മോഹനൻ, അശോകൻ, മുഹമ്മദ് മൂസ എന്നിവർ പ്രസംഗിച്ചു..