നാക് എ ഗ്രേഡ് മികവിൽ നെന്മാറ എൻഎസ്എസ് കോളജ്
1452068
Tuesday, September 10, 2024 1:46 AM IST
നെന്മാറ: നാക് എ ഗ്രേഡ് മികവുമായി നെന്മാറ എൻഎസ്എസ് കോളേജ്. 57 വർഷത്തെ പാരന്പര്യമുള്ള കോളജിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി എല്ലാവർഷവും വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾ കോഴിക്കോട് സർവകലാശാലയുടെ റാങ്കുകൾ നേടിവരുന്നു. 90 ശതമാനത്തിലേറെ വിജയമാണ് കോളജിന് ലഭിക്കുന്നത്.
ജില്ലയിലെ മികച്ച ഹരിത കാമ്പസുകളിൽ ഒന്നായി നെന്മാറ എൻഎസ്എസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രം, കല എന്നിവയിലായി 12 ബിരുദ കോഴ്സുകളും, മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സുകളിലുമായി 1480 വിദ്യാർഥികൾ ഇവിടെ പഠനം തുടരുന്നു. പ്രിൻസിപ്പൽ കെ.എ. തുളസിക്കൊപ്പം 67 അധ്യാപകരും 22 അനധ്യാപകരും അടങ്ങുന്നവർ ഉൾപ്പെട്ടതാണ് കോളേജിന്റെ മികവിന് പിന്നിലുള്ളത്.
ഈ വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകളും ആരംഭിച്ചു. പുതുതായി ഒരു ബിരുദ കോഴ്സും, രണ്ട് ബിരുദാനന്തര ബിരുദ കോഴ്സ് ഗവേഷണ കേന്ദ്രത്തിനുള്ള അനുമതിയും കാത്തു കഴിയുകയാണ് അധികൃതർ. അതോടൊപ്പം മികച്ച പിടിഎ കമ്മിറ്റിയും ദൈനംദിന പ്രവർത്തനം നടത്തുന്നു.
മികച്ച ലാബ്, ലൈബ്രറി, സ്പോർട്സ് സൗകര്യം, കളിസ്ഥലം, രണ്ട് എൻഎസ്എസ് യൂണിറ്റുകൾ, എൻസിസി, നേച്ചർ ക്ലബ്, ഭാഷ, ശാസ്ത്ര, സാംസ്കാരിക ക്ലബ്ബുകളും പൂർവ വിദ്യാർഥി അസോസിയേഷൻ എന്നിവയും പ്രവർത്തിക്കുന്നു. അടുത്ത നാക് വിലയിരുത്തലിൽ കോളജിന് എ പ്ലസ് ഗ്രേഡ് പ്രതീക്ഷയിലാണ് അധികൃതരും വിദ്യാർഥികളും രക്ഷിതാക്കളും.