ബസിടിച്ച് ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം
1452091
Tuesday, September 10, 2024 1:53 AM IST
പാലക്കാട്: സ്വകാര്യബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് താണാവ് പെട്രോൾ പന്പിനു സമീപം ഇന്നലെ വൈകുന്നേരം 4.30 നാണ് സംഭവം. പുതുപ്പരിയാരം താഴേമുരളി ഹസീന മൻസിലിൽ എം. മുഹമ്മദ് ഹനീഫ (56) ആണ് മരിച്ചത്.
പാലക്കാടുനിന്ന് കോങ്ങാട്ടേക്കു പോകുന്ന സ്വകാര്യബസ് എതിരേവരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു വീണ ഹനീഫയുടെ തലയിലൂടെ ബസ് കയറിയിറങ്ങി.
സിഐടിയു നേതാവായ ഹനീഫ എടത്തറയിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബസ് ജീവനക്കാർക്കെതിരേ ഹേമാംബികനഗർ പോലീസ് കേസെടുത്തു.
ഹനീഫയുടെ ഭാര്യ ഷക്കീല. മക്കൾ: ബാദുഷ, ഹസീന, സഫീന. മരുമക്കൾ: ആഷിഫ്, റഷീദ്.