പുതുനഗരം പാലം ബസാറിൽ മഴവെള്ളത്തിൽ റോഡ് മുങ്ങി വാഹനസഞ്ചാരം ദുഷ്്കരം
1452076
Tuesday, September 10, 2024 1:46 AM IST
പുതുനഗരം: പാലം ബസാർ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് വാഹന കാൽനടയാത്ര ദുഷ്ക്കരമാക്കുന്നു. ചെറിയ മഴപെയ്താൽ പോലും നിമിഷങ്ങൾക്കുള്ളിൽ റോഡിൽ തോടിനു സമാനമായി വെള്ളക്കെട്ടുണ്ടാവും. ഇരുചക്ര വാഹനങ്ങൾ ഇടയ്ക്കിടെ വഴുതിവീഴുന്നതും പതിവായിട്ടുണ്ട്. വെള്ളം ഒഴുകിപോകാനുതകുന്ന ഓവുകളൊ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് ദുരിതകാരണം.
വിദ്യാർഥികൾ ഈ സ്ഥലം മറികടക്കണമെങ്കിൽ ഏറെ വിഷമിക്കേണ്ടതായിട്ടുണ്ട്. റെയിൽവേ മേൽപ്പാലം പുനർനിർമിച്ചപ്പോൾ ഉണ്ടായ ഉയർച്ച കാരണമാണ് ജലം സുഗമമായി ഒഴുകിപ്പോകാൻ കഴിയാതായതിനു കാരണമെന്നാണ് സമീപവാസികൾ ചൂണ്ടിക്കാട്ടുന്നത്.
വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിനിരുവശത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം തെറിച്ച് വിൽപ്പനക്കുവെച്ച വസ്തുക്കൾ മലിനമാവുന്നുമുണ്ട്.
തൃശൂർ - പൊള്ളാച്ചി അന്തർ സംസ്ഥാന പാതയെന്നതിനാൽ ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. ഇരുവശത്തു നിന്നും വാഹനങ്ങളെത്തിയാൽ നീണ്ട നേരം ഗതാഗതകുരുക്കും പതിവാണ്.
യാത്രക്കാരും സമീപവാസികളും പരിഹാരനടപടികൾ ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതോടെ അവസാനിക്കും തുടർ നടപടികൾ. ഗതാഗത തടസമുണ്ടായാൽ വാഹന സഞ്ചാരത്തിന് ബൈപാസ് ഇല്ലെന്നതും പ്രതിസന്ധി കുടുന്നതിനു കാരണമായിട്ടുണ്ട് .