പെട്ടിഓട്ടോയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
1452629
Thursday, September 12, 2024 1:41 AM IST
വടക്കഞ്ചേരി: മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലിക്കടുത്തെ വളവിൽ ടിപ്പറും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് പെട്ടി ഓട്ടോ ഡ്രൈവർക്കു സാരമായ പരിക്കേറ്റു. ഗുരുവായൂർ മറ്റം എളവള്ളി സ്വദേശി ഗണേശനാ (53)ണ് കാലിനു സാരമായ പരിക്കേറ്റത്. വള്ളിയോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി, പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പെട്ടിഓട്ടോയുടെ സ്റ്റിയറിംഗ് അമർന്ന് കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അതുവഴി വന്ന യാത്രക്കാരും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തത്സമയം വടക്കഞ്ചേരി പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്ന് പറയുന്നു.
അപകടത്തെതുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതവും തടസപ്പെട്ടു. പിന്നീട് നാട്ടുകാരും സിവിൽ ഡിഫൻസ് പ്രവർത്തകരുമാണ് വാഹനങ്ങൾക്കു കടന്നുപോകാൻ വഴിയൊരുക്കിയത്. ഗുരുവായൂർ ചിറ്റാട്ടുകരയിൽനിന്നും നെന്മാറയ്ക്ക് പോവുകയായിരുന്നു പെട്ടിഓട്ടോ. വാഹനത്തിൽ ഉണ്ടായിരുന്ന ഷിന്റോ എന്നയാൾക്കു പരിക്കില്ല. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ടോറസ് ലോറി.