ഇഎസ്എ ഇരട്ടമാപ്പിനെതിരെ കിഫ പന്തംകൊളുത്തി പ്രകടനം നടത്തി
1452075
Tuesday, September 10, 2024 1:46 AM IST
കാഞ്ഞിരപ്പുഴ: പരിസ്ഥിതിലോല മാപ്പിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കിഫ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രധിഷേധ യോഗവും നടത്തി.
പരിസ്ഥിതിലോലമേഖലയിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ ജാഥയിൽ കർഷകർക്ക് പുറമെ വ്യാപാരികൾ , ടാക്സി ഓട്ടോ ഡ്രൈവർ, ചുമട്ടുതൊഴിലാളികൾ, സ്ത്രീകളും കുട്ടികളും ഉൾപ്പടെ വമ്പിച്ച ജനാവലി പങ്കെടുത്തു. കിഫ ജില്ലാ കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ, വിൻസെന്റ് ഇലവുങ്കൽ, മാത്തച്ചൻ, രഞ്ജിത്ത് ജോസ്, ജിമ്മിച്ചൻ വട്ടവനാൽ എന്നിവർ നേതൃത്വം നൽകി.
ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കണം എന്നാണ് സംസ്ഥാന സർക്കാർ നയം. എങ്കിലും കരട് വിജ്ഞാപനം പുറപ്പെടുവിച്ച് ഒന്നര മാസത്തോളമായിട്ടും ഈ കാര്യങ്ങളിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ലെന്നും ഇരട്ട മാപ്പുകൾ പ്രസിദ്ധീകരിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിൽ അയക്കുന്നതിന് പകരം ഗ്രാമപഞ്ചായത്തുകൾ അംഗീകരിച്ച മാപ്പുകൾ പ്രസിദ്ധീകരിച്ച് ജിയോ കോ- ഓർഡിനേറ്റുകൾ ഗ്രൗണ്ടിൽ മാർക്ക് ചെയ്ത് കാണിക്കണം എന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കിഫ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപനസമിതി കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് നമ്പുശേരി, ജോമി മാളിയേക്കൽ, വികാസ് ജോസ് എന്നിവർ പ്രസംഗിച്ചു.