മാനേജ്മെന്റിനെ അറിയിക്കുന്നതിൽ ഗുരുതരവീഴ്ചയെന്ന് ആരോപണം
1452355
Wednesday, September 11, 2024 1:46 AM IST
തൃശൂർ: കേരളവർമ കോളജിൽ വിദ്യാർഥി സഹപാഠിയെ പീഡിപ്പിച്ചതും തുടർന്നുണ്ടായ അറസ്റ്റും കോളജ് മാനേജ്മെന്റിനെ അറിയിക്കുന്നതിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഗുരുതരവീഴ്ച വരുത്തിയെന്ന് ആരോപണം. ഓഗസ്റ്റ് പതിനഞ്ചിനു നടന്ന അറസ്റ്റ് വിവരം കോളജ് മാനേജരായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി അറിയുന്നത്, കോളജിലെ സംഭവങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ നാലിനു കെപിസിസി സെക്രട്ടറി എ. പ്രസാദ് നൽകിയ പരാതിയിലൂടെയാണ്.
പ്രസാദ് നൽകിയ പരാതിയിൽ ഇടപെട്ട ബോർഡ് സെക്രട്ടറി കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. കെ. ജയനിഷയിൽനിന്നു വിശദീകരണം തേടി. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും കോളജ് മാനേജരെ അറിയിക്കാത്തതിലും വിശദീകരണം തേടിയിട്ടുണ്ട്.
നടന്ന സംഭവങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ ഇൻ ചാർജ്, സെക്രട്ടറി ബിന്ദുവിനു പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ അന്വേഷണം ആരംഭിച്ചതായി സെക്രട്ടറി ബിന്ദു പ്രതികരിച്ചു. കോളജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സെക്രട്ടറി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2023 മേയ് 23നാണ് കോളജിലെ ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ എസ്ഫ്ഐ നേതാവായ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദവിദ്യാർഥി സനീഷ് പീഡിപ്പിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. സനീഷിനു മറ്റു ബന്ധങ്ങൾ ഉണ്ടെന്നറിഞ്ഞ അതേ ബാച്ച് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകയുമായ വിദ്യാർഥിനി എസ്എഫ്ഐ കോളജ് നേതൃത്വത്തിനു പരാതിനൽകി.
പരാതി പറഞ്ഞുതീർക്കാനെന്ന വ്യാജേനയാണ് പെണ്കുട്ടിയെ ആരുമില്ലാത്ത നേരത്തു ക്ലാസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണു വിവരം. ഇതിനുശേഷം പെണ്കുട്ടി കോളജിൽനിന്നു ടിസി വാങ്ങി പോകുകയും ചെയ്തു. പലവട്ടം ആത്മഹത്യക്കും ശ്രമിച്ചിരുന്നു. സനീഷുമായുള്ള പ്രശ്നങ്ങളുടെ പേരിൽ കോളജ് ലൈബ്രറിയിൽവച്ചും കുട്ടി ആത്മഹത്യക്കു ശ്രമിച്ചെന്നു സൂചനയുണ്ട്. ഇക്കാര്യം അന്നു പ്രിൻസിപ്പൽ ഇൻ ചാർജ് പദവി വഹിച്ച വി.എ. നാരായണമേനോന് അറിയുമായിരുന്നെങ്കിലും എസ്എഫ്ഐ ഇടപെട്ട കേസായതിനാൽ ഇടപെടാൻ തയാറായില്ലെന്നും അതിനു ശ്രമിച്ച അധ്യാപകരെ പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടിനാണ് പെണ്കുട്ടി വെസ്റ്റ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ അറസ്റ്റും നടന്നു. പ്രതി ഇപ്പോഴും വിയ്യൂർ ജയിലിൽ റിമാൻഡിൽ തുടരുകയാണ്.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജിൽനിന്നു പ്രതിയെ സസ്പെൻഡ് ചെയ്തു. എന്നാൽ സസ്പെൻഡ് ചെയ്ത കാര്യംപോലും കോളജ് മാനേജ്മെന്റിനെ ഔദ്യോഗികമായി അറിയിക്കാതെ മറച്ചുവയ്ക്കുകയാണ് പ്രിൻസിപ്പൽ ചെയ്തത്. ഇത് ഗുരുതരമായ വീഴ്ചയായാണ് മാനേജ്മെന്റ് കാണുന്നത്. കോളജിലും ഈ വിഷയം ചർച്ചചെയ്യപ്പെടാതെ ഒതുക്കാനും ശ്രമങ്ങൾ തുടരുകയാണ്.