തൂങ്ങിയാടുന്ന പ്ലാസ്റ്റിക് തുണ്ടുകൾ ക്രമപ്പെടുത്തി മെൽബിൻ രൂപപ്പെടുത്തുന്നത് സുന്ദരശില്പങ്ങൾ
1452348
Wednesday, September 11, 2024 1:46 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കൈയിൽ കിട്ടുന്നതെന്തും മെൽബിന് ചിത്രക്കൂട്ടുകൾക്കുള്ള ഉപകരണങ്ങളാണ്. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടുകൾ, മരങ്ങളുടെ ഇലകൾ, മണ്ണ്, ചോക്കുപൊടി, കരിക്കട്ട തുടങ്ങി തത്സമയം സ്ഥലത്തുനിന്നും കിട്ടുന്നവകൊണ്ട് ഈ ചെറുപ്പക്കാരൻ ചിത്രവിസ്മയം തീർക്കും. പ്ലാസ്റ്റിക് കവറിന്റെ കഷണങ്ങൾ നൂലിൽകെട്ടി അത് അഴകളിൽ തൂക്കിയിട്ട് മെൽബിൻ ചിത്രങ്ങൾ രൂപപ്പെടുത്തുന്നത് ഏറെ ശ്രദ്ധേയമാണ്. നൂലിൽകെട്ടിയ പ്ലാസ്റ്റിക് തുണ്ടുകൾ വലിപ്പത്തിനനുസരിച്ച് തൂക്കിയിടും. ഒരു പ്രത്യേക പോയിന്റിൽനിന്നു നോക്കിയാൽ കാണികൾ പറയുന്നയാളുടെ മുഖം തെളിഞ്ഞുവരും.
ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് വ്യൂവേഴ്സ് ഈ ചിത്രത്തിനുമാത്രമുണ്ട്. തന്റെ കരവിരുതിന്റെ വൈദഗ്ധ്യത്തിൽ നിമിഷങ്ങൾക്കുള്ളിൽ ദോശമാവിലും മെൽബിൻ സുന്ദരചിത്രങ്ങൾ ഉണ്ടാക്കും. വള്ളിയോട് സെന്റ് മേരീസ് ഐടിഐയിലെ അധ്യാപകനായ മെൽബിന്റെ ചിത്രകൂടാരം തന്നെ ഇത്തരത്തിലുള്ള കൗതുക ലോകം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെള്ള ചോക്ക് പൗഡർ ബ്ലാക്ക് ബോർഡിലേക്ക് എറിഞ്ഞ് ആരുടെ പടം വേണമെങ്കിലും രൂപപ്പെടുത്തും. ചിത്രപ്പണികൾക്ക് പെൻസിലും പേപ്പറുമൊന്നും മെൽബിന് നിർബന്ധമില്ല. മണ്ണും ഇലകളും കുറച്ച് വേയ്സ്റ്റ് പ്ലാസ്റ്റിക്കും മതി. കാമറയിൽ പകർത്തിയ ചിത്രം പോലെ മെൽബിൻ ചിത്രങ്ങൾക്ക് ജീവൻ നൽകും.
ചലച്ചിത്രതാരം പ്രിത്വിരാജിന്റെ ചിത്രം മണ്ണും ഇലകളും ഉപയോഗിച്ച് നിർമിച്ച് മെൽബിൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എട്ടടിയോളം ഉയരവും ആറടിയോളം വീതിയുമുള്ള ചിത്രമാണ് അന്ന് ഒരുക്കിയത്. മാവ്, പ്ലാവ്, മുള തുടങ്ങിയവയുടെ ഇലകൾ, വ്യത്യസ്ത നിറങ്ങളിലുള്ള മണ്ണ്, പ്ലാസ്റ്റിക് വേസ്റ്റ് തുടങ്ങിയവയെല്ലാം ഒത്തു കിട്ടിയാൽ മെൽബിന് മനോഹര ചിത്രനിർമാണത്തിനുള്ള സാധനങ്ങളായി.
കളർ ഇമേജിനാണ് നിറവ്യത്യാസമുള്ള ഇലകൾ ഉപയോഗിക്കുന്നത്. മുടി, താടി, കണ്ണിന്റെ ഭാഗങ്ങൾ എന്നിവയുടെ ഫിനിഷിംഗ് കറുത്ത മണ്ണുകൊണ്ട് ഷെയ്പ്പാക്കും. ഷർട്ട്ഭാഗങ്ങൾ ശരിയാക്കാൻ പ്ലാസ്റ്റിക് വേസ്റ്റാണ് ഉപയോഗിക്കുക.