സാധനങ്ങൾക്കു തീവില; ഓണവിപണി പൊള്ളുന്നു
1452347
Wednesday, September 11, 2024 1:46 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ഓണവിപണിയിൽ പച്ചക്കറിക്കും നേന്ത്രക്കായ അടക്കമുള്ളവയ്ക്കും തീവില. മലയാളിക്ക് തിരുവോണത്തിന് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് നേന്ത്രക്കായ. ഇതു കിലോവിന് 55 മുതൽ 60 രൂപ വരെയാണ് വില. കായവറവിനും ശർക്കര ഉപ്പേരിക്കും കിലോവിന് 400 ന് മുകളിലാണ് വില. ഇത് ഇനിയും ഉയരും.
ഓണമടുക്കുമ്പോഴേക്കും വിവിധ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
തദ്ദേശീയരായ കർഷകർ നേന്ത്രക്കായ കൃഷി നടത്തിയതിൽ വന്ന കുറവാണ് ഈ ഇനത്തിന് വില കയറാൻ മുഖ്യകാരണം. ഇത്തവണ ഉണ്ടായ കനത്ത മഴയും പ്രളയത്തിന് സമാനമായ സാഹചര്യവും, കുലച്ചു പാകമായി വിളവെടുപ്പിന് പാകമായി നിന്നിരുന്ന വാഴത്തോട്ടങ്ങളെ നാശത്തിലാഴ്ത്തിയിരുന്നു.
അതിനാൽ കായയുടെ വിലവർധനവിന്റെ ഗുണം കർഷകർക്ക് ലഭിച്ചില്ല. പച്ചക്കറിക്കും രൂക്ഷമായ വിലകയറ്റമാണ്. അവസരം മുതലെടുത്ത് കച്ചവടക്കാർ എല്ലാം വിലകയറ്റിവിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് ഇക്കുറി പച്ചക്കറിക്ക് വില കൂടുതലാണ്.
തിരുവോണത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വെണ്ടയ്ക്ക, പയർ, ബീറ്റ്റൂട്ട് എന്നിവയ്ക്ക് മാർക്കറ്റിൽ നല്ലവിലയാണ്. ബീറ്റ്റൂട്ട് കിലോയ്ക്ക് 40 രൂപയാണ് വില.
വെണ്ടയ്ക്കും പയറിനും 50 രൂപയാണ്. നാടൻ തക്കാളിയ്ക്ക് 40 രൂപയും വരവ് തക്കാളിയ്ക്ക് 50 രൂപയുമാണ് നിലവിലെ വില. ഓണച്ചന്തകളിലും വിലകയറ്റം വ്യക്തമാണ്. ഓണച്ചന്തകളിലേയ്ക്കായി തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറി വളരെ കുറവായ സ്ഥിതിയാണ്.
കുടുംബശ്രീയുടേയും ഹോർട്ടികോർപ്പിന്റേയും അടക്കമുള്ള ഇടപെടലുകൾ കൊണ്ടും കാര്യമായ ഗുണമില്ലാത്ത സ്ഥിതിയാണ് പിടിച്ചാൽ കിട്ടാത്ത വിലയാണ് വെളുത്തുള്ളിക്കുള്ളത്. കിലോയ്ക്ക് 380 രൂപ. കാരറ്റിന് കിലോയ്ക്ക് 100 രൂപ. മുളകിനും കിലോയ്ക്ക് 80 രൂപക്ക് മുകളിലാണ് വില.
കുടുംബശ്രീയുടെ ഓണച്ചന്തകൾ ഇത്തവണ വ്യാപകമായിട്ടുണ്ട്. പച്ചക്കറി കൂടാതെ ചിപ്സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉത്പന്നങ്ങൾ വിപണിയിലുണ്ട്.
വിവിധ തരം ധാന്യപ്പൊടികൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയും ലഭിക്കുന്നുണ്ട്. പൂഴ്ത്തിവെപ്പും അമിതവിലയും തടയാൻ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിട്ടുണ്ട്.