റബർ കർഷകർക്ക് കഴിഞ്ഞവർഷത്തെ താങ്ങുവില നല്‍കിയില്ല
1451832
Monday, September 9, 2024 1:35 AM IST
കല്ലടിക്കോട്: റബർ കർഷകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കഴിഞ്ഞവർഷത്തെ താങ്ങുവില നല്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. കുടിയേറ്റ മേഖലയായ കല്ലടിക്കോട്, പാലക്കയം, കാഞ്ഞിരപ്പുഴ, പൂഞ്ചോല, ഇരുമ്പകച്ചോല, കരിമ്പ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
റബർ കർഷകർക്ക് കഴിഞ്ഞവർഷത്തെ താങ്ങുവില ഇതുവരെയും നല്‍കിയില്ല. 170 രൂപ താങ്ങുവില പ്രഖ്യാപിച്ച് 600 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് വിതരണം ചെയ്തിട്ടില്ല.
2023- 24 സാന്പത്തിക വർഷമാണ് സർക്കാർ താങ്ങുവില 150 നിന്ന് ഉയർത്തി പ്രഖ്യാപിച്ചത്. ജൂലൈ മുതലുള്ള ഉത്പാദന വർഷം കണക്കാക്കിയാണ് കർഷകർക്ക് റബർബോർഡ് മുഖേന തുക നല്‍കിയിരുന്നത്. റബർ ബോർഡ് നിശ്ചയിച്ച പ്രതിമാസ വിലയും താങ്ങുവിലയായ 170 രൂപയും തമ്മിലുള്ള വ്യത്യാസ തുകയാണ് ചെറുകിട കർഷകർക്ക് ഇൻസെന്റീവ് ആയി നല്‍കിയിരുന്നത്.
റബർ ബോർഡില്‍ ഉത്പാദക സംഘങ്ങള്‍ മുഖേന രജിസ്റ്റർ ചെയ്ത കർഷകർക്ക് ഫീല്‍ഡ് ഓഫീസർമാർ പരിശോധന നടത്തി സ്ഥലവിസ്തീർണം കണക്കാക്കിയാണ് ഓരോമാസവും നല്കാവുന്ന റബറിന്റെ തൂക്കം അനുവദിച്ചു നല്‍കിയത്.
ഇതുപ്രകാരം കർഷകർ എല്ലാമാസവും രണ്ടാഴ്ച വീതം റബർ വില്‍പ്പന നടത്തിയ രണ്ട് ബില്ലുകള്‍ വീതം കർഷകർ റബർ ഉത്പാദക സംഘങ്ങള്‍ മുഖേന റബർ ബോർഡിന്റെ സൈറ്റിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. 2022 -23ലെ ജനുവരിക്ക് ശേഷമുള്ള തുകയും കർഷകർക്ക് ലഭിക്കാനുണ്ട്. ഇതിനുപുറമെയാണ് 2023- 24ല്‍ തുക ഒന്നും നല്‍കാതെ പ്രഖ്യാപനം മാത്രമാക്കി നിർത്തിയത്.
ബോർഡിന് ആവശ്യമായ തുക കൈമാറിയിട്ടില്ലെന്നാണ് റബർ ബോർഡ് അധികൃതർ പറയുന്നത്. മുൻവർഷങ്ങളിലും കർഷകരുടെ സമരങ്ങളും സമ്മർദങ്ങളുടെയും ഫലമായാണ് ഭാഗികമായെങ്കിലും തുക അനുവദിച്ചത്.
ഈ വർഷം ചില രാഷ്ട്രീയ സമ്മർദ്ദഫലമായും പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് താങ്ങുവില 250 രൂപയായി ഉയർത്താൻ സമ്മർദം ഉണ്ടായിരുന്നിട്ടും 170 ഇല് നിന്ന് 180 ആയി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പൊതുവിപണിയില്‍ റബർ വില 200 കടന്നതോടെ സർക്കാറിന് ചെറുകിട കർഷകർക്കുള്ള ഇൻസെന്റീവ് നാളിതുവരെ ഈ വർഷവും നല്‍കേണ്ടി വന്നിട്ടില്ല. ഓണം അടുക്കാറായതോടെ മുൻവർഷത്തെ കുടിശികയായ ഇൻസെന്റീവ് തുക കർഷകർക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നെല്കർഷകരുടേതു പോലെ സമയബന്ധിതമായി റബർ കർഷകർക്കും തുക നല്‍കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.