വഖഫ് ബോർഡിന്റെ കടന്നുകയറ്റത്തെ ചെറുക്കും: മാർ ടോണി നീലങ്കാവിൽ
1480037
Monday, November 18, 2024 6:09 AM IST
സ്വന്തം ലേഖകൻ
ചാവക്കാട്: സ്വകാര്യസ്വത്തുക്കളിൽ വഖഫ് ബോർഡിന്റെ കടന്നുകയറ്റത്തെ ശക്തമായി ചെറുക്കുമെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. വഖഫ് ബോർഡിന്റെ കരിനിയമത്തിൽ പ്രതിഷേധിച്ച് പാലയൂർ ഫൊറോനയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസ് പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിലകൊടുത്ത് ഭൂമിവാങ്ങി ആധാരം രജിസ്റ്റർ ചെയ്തു നികുതിയടച്ചുവരുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പില്ലാതെ വന്ന് ഇതു വഖഫിന്റെ ഭൂമിയാണെന്നുപറയുമ്പോൾ നമുക്കു വരുന്ന വേദന വളരെ വലുതാണ്. വഖഫ് എന്നത് അറബി വാക്കാണ്. അറബിനാട്ടിൽപോലും ഇല്ലാത്ത നടപടിയാണ് ഇവിടെ നടക്കുന്നത്. നമുക്കു ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുണ്ട്. അതിനെ ലംഘിച്ചു സ്വകാര്യസ്വത്തുക്കളിൽ നടത്തുന്ന കടന്നുകയറ്റമാണ് ചാവക്കാട്ടു നടന്നത്. ഇത് ഏറ്റവുമധികം ബാധിക്കുന്നത് മുസ്ലിം സമുദായത്തിൽപ്പെട്ടവരെയാണ്.
വഖഫിന്റെ ചില നിയമങ്ങൾ ഇവിടെ മാത്രമല്ല, മലപ്പുറത്തും കോഴിക്കോടും ഇന്ത്യയിൽ പലയിടത്തും പടർന്നുപിടിക്കുന്ന കാൻസറാണ്. പാവപ്പെട്ടവനെ കുരുക്കുന്ന വഖഫിന്റെ നടപടിക്കെതിരേ പ്രതികരിക്കാൻ ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. അത്തരത്തിൻ പ്രതികരിച്ചപ്പോൾ ളോഹയിട്ട വർഗീയതയാണെന്നു പറഞ്ഞ മന്ത്രിയെ നമുക്ക് ആവശ്യമില്ല. മുസ്ലിം സമുദായക്കാരെവരെ കൊഞ്ഞനംകുത്തുന്ന മന്ത്രിയെ നമുക്കുവേണ്ട: ബിഷപ് പറഞ്ഞു.
പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായിരുന്നു. പി.ഐ. ലാസർ മാസ്റ്റർ, തോമസ് ചിറമ്മൽ, ജോയ്സി ആന്റണി, സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ, എ.എൽ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റി സേവ്യർ വാകയിൽ പ്രമേയം അവതരിപ്പിച്ചു.
ട്രസ്റ്റിമാരായ പി.എ. ഹൈസൻ, ഫ്രാൻസീസ് ചിരിയങ്കണ്ടത്ത്, പി.എ. ചാക്കോ, കേന്ദ്രസമിതി കൺവീനർ സി.ഡി. ലോറൻസ്, ഏകോപനസമിതി കൺവീനർ തോമസ് വാകയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാലയൂർ മേഖലയിൽ അമ്പതോളം കുടുംബങ്ങൾക്കു വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഒട്ടേറെ വീട്ടുകാർക്കു നികുതി അടയ്ക്കാനും സാധിക്കുന്നില്ല. ഇതേത്തുടർന്നാണ് പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചത്.
ഫാ. ഷിജോ മാപ്രാണത്തുകാ രനു പേപ്പൽ പതാക കൈമാറി ആർച്ച്പ്രീസ്റ്റ് റാലി ഉദ്ഘാടനംചെയ്തു. പാലയൂർ തീർഥകേന്ദ്രത്തിൽനിന്നാരംഭിച്ച റാലിയിൽ വൈദികരും കന്യാസ്ത്രീകളും വീട്ടമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനുപേർ പേപ്പൽ പതാകയുമായി അണിനിരന്നു.