അലോഷ്യസ് കോളജിൽ തുന്പിമഹോത്സവം
1480368
Tuesday, November 19, 2024 7:59 AM IST
തൃശൂർ: അലോഷ്യൻ കോൾ പഠനഗവേഷണ കേന്ദ്രത്തിന്റെയും സുവോളജി ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ തുന്പിമഹോത്സവം നടത്തി. വയൽക്കാഴ്ചകൾ എന്ന പേരിൽ കേരളത്തിലെ കോൾപ്പാടങ്ങളിൽ കാണുന്ന തുന്പികളുടെയും മറ്റു ജൈവവൈവിധ്യങ്ങളുടെയും ചിത്രപ്രദർശനവും തുടങ്ങി.
തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ തുന്പികളെ കാണാൻ സാധിക്കുന്ന പ്രദേശമാണ് എൽത്തുരുത്ത് കോൾനിലങ്ങൾ. ആഫ്രിക്കയിൽനിന്നു ദേശാടനം നടത്തി കേരളത്തിലെത്തുന്ന പെന്റാല ഫ്ലേവി സെൻസ് എന്ന തുലാത്തുന്പികൾ അപൂർവകാഴ്ചയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
കാലാവസ്ഥാവ്യതിയാനം ജൈവവൈവിധ്യത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ആഴമേറിയ പഠനങ്ങൾ കോൾ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നു കോ-ഓർഡിനേറ്റർ ജെയിൻ തേറാട്ടിൽ പറഞ്ഞു. പ്രിൻസിപ്പൽ ചാക്കോ ജോസ്, ജീജ തരകൻ, കെ.എസ്. സുബിൻ, ഷൗമി എന്നിവർ നേതൃത്വം നൽകി. പ്രദർശനം നാളെ അവസാനിക്കും.