നാടുനിറഞ്ഞ് ശ്വാനപ്പട, ഭയത്തോടെ ജനം
1480036
Monday, November 18, 2024 6:09 AM IST
സി.ജി. ജിജാസൽ
തൃശൂർ: ഒരിടവേളയ്ക്കുശേഷം നാടും നഗരവും വീണ്ടും തെരുവുനായ്ക്കളുടെ പിടിയിൽ. ഭീതിയോടെയാണ് കുട്ടികളും കുടുംബങ്ങളും റോഡിലിറങ്ങുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു നടപടിയുമില്ലാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. കൂട്ടത്തോടെ എത്തുന്ന ശ്വാനപ്പട ജനങ്ങളുടെ സമാധാനജീവിതം തകർക്കുന്പോഴും കാര്യമായ മുൻകരുതലുകളില്ല. മേയറോട് പരസ്യപ്രതിഷേധം അറിയിച്ച് കോൺഗ്രസും ബിജെപിയും രംഗത്തുവന്നിട്ട് ആഴ്ചകളായി. കൗണ്സിൽ യോഗങ്ങളിൽ ഇക്കാര്യം തുടർച്ചയായി അറിയിച്ചിട്ടും അനക്കമില്ലെന്ന് ആരോപണമുണ്ട്.
സ്വരാജ് റൗണ്ട്, ശക്തൻനഗർ, വിയ്യൂർ, പാട്ടുരായ്ക്കൽ, കിഴക്കുംപാട്ടുകര തുടങ്ങി മിക്കയിടങ്ങളിലും ശ്വാനസംഘം തന്പടിച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളുടെ നേർക്കു കുരച്ചുചാടുന്നതും രാത്രികാലങ്ങളിൽ വഴിയാത്രക്കാരെ ആക്രമിക്കാൻ വരുന്നതും വളർത്തുമൃഗങ്ങളെ കടിച്ചുകീറുന്നതും പതിവായി. ആക്രമണത്തിൽ പരിക്കേറ്റാൽപ്പോലും വേണ്ട സഹായം ലഭിക്കുന്നില്ല.
കേന്ദ്രത്തിന്റെ അനാവശ്യനിയമങ്ങളാണ് നായ്ക്കൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയ കോർപറേഷന്റെ തെരുവുനായ്ക്കൾക്കുള്ള ഷെൽട്ടർ, പട്ടിയും കൂടും പദ്ധതി പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയപ്പോൾ 25 ലക്ഷം രൂപ വകയിരുത്തിയ എബിസി പദ്ധതിയും പ്രവർത്തനം താളംതെറ്റി. പലയിടങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതും തെരുവുനായ്ശല്യം വർധിപ്പിക്കുന്നുണ്ട്.
നാട്ടിലെങ്ങും നായ്ക്കളുടെ എണ്ണം ക്രമാതീതമായി കൂടി. മാളയിൽ കഴിഞ്ഞദിവസമാണ് സ്കൂൾകുട്ടികളെ തെരുവുനായ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. റെയിൽവേ പ്ലാറ്റ്ഫോമുകളിൽപ്പോലും കൂട്ടമായെത്തുന്ന നായ്ക്കൾ ഭീഷണിയാണ്.
നടപ്പാക്കാൻ കഴിയാതെ
പട്ടിയും കൂടും പദ്ധതി
എബിസി പദ്ധതിപ്രകാരം നായ്ക്കളുടെ പ്രജനനത്തിനു വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും വന്ധീകരിക്കപ്പെട്ട നായ്ക്കൾ അലഞ്ഞുതിരിഞ്ഞു പലരെയും ഉപദ്രവിക്കുന്നതു പതിവായതോടെയാണ് കോർപറേഷൻ പട്ടിയും കൂടും പദ്ധതിക്കു തുടക്കമിട്ടത്. ഒന്നാംഘട്ടത്തിൽ കുരിയച്ചിറ, ലാലൂർ, മാറ്റാംപുറം, പറവട്ടാനി, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ ഷെൽട്ടർ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി കോർപറേഷൻ സ്ഥലംനൽകുകയും ഈ രംഗത്തു താത്പര്യമുള്ള സന്നദ്ധസംഘടനകളെ ക്ഷണിക്കാനുമായിരുന്നു പദ്ധതി.
കോർപറേഷൻതന്നെ നേരിട്ട് എല്ലാ ചുമതലയും നിർവഹിക്കാനായിരുന്നു ലക്ഷ്യമിട്ടത്. താത്പര്യക്കാർക്കു പട്ടിയും കൂടും നൽകുന്ന മറ്റൊരു പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ഇതിൽ ഒന്നാംഘട്ടത്തിൽ 1,000 കൂടും പട്ടിയും നൽകാനായി തീരുമാനിച്ചതെങ്കിലും ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി ഇതുവരെയും നടപ്പാക്കാനായില്ല.
സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടു:
ജോണ് ഡാനിയൽ
തെരുവുനായ്ക്കളുടെ കടികൊള്ളാൻ ജനങ്ങളെ തള്ളിവിടുന്ന സമീപനമാണ് മേയർ കൈക്കൊള്ളുന്നതെന്നു നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജോണ് ഡാനിയൽ. ജനങ്ങൾക്കു പുറത്തിറങ്ങിനടക്കാൻ കഴിയാത്തവിധം തെരുവുനായ്ശല്യം രൂക്ഷമാണ്. ഇതു സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നതാണ്. സ്കൂൾവിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർ വൻഭീഷണിയാണ് തെരുവുനായ്ക്കളിൽനിന്നു നേരിടുന്നത്. പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ ഇനിയും സാധിക്കാത്തതു ഭരണമുന്നണിയുടെ പിടിപ്പുകേടാണ്.
കേന്ദ്രത്തെ പഴിചാരുന്നത് അനാവശ്യം:
വിനോദ് പൊള്ളാഞ്ചേരി
കുട്ടികളെ തെരുവുനായ്ക്കൾ ഓടിക്കുന്നതു പതിവായതോടെ വീട്ടുകാർക്കു കുട്ടികളുടെ ബോഡിഗാർഡായി പോകേണ്ട അവസ്ഥയാണുള്ളതെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി. നിലവിൽ കോർപറേഷന്റെ പദ്ധതികൾ പൂർണമായും പരാജയമാണ്. ജനം ഭീതിയിലാണ്. നായ്ക്കളെ ഷെൽട്ടറിലേക്കു മാറ്റണം. നായ്ശല്യം ചൂണ്ടിക്കാണിക്കുന്പോൾ കേന്ദ്രത്തെ കുറ്റംപറയാനാണ് പലരും ശ്രമിക്കുന്നത്. അവയെ കൊല്ലരുതെന്നുമാത്രമേ കേന്ദ്രം പറയുന്നുള്ളൂ. പരിഹാരം പലതുമുണ്ട്. അവ നടപ്പാക്കാത്തതാണ് പ്രശ്നം. നാട്ടുകാർക്കു ശല്യമാകുന്ന നായ്ക്കളെ പിടികൂടി സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റണം.
എബിസി കേന്ദ്രങ്ങൾ കാര്യക്ഷമമാകണം:
ഡോ. പി.ബി. ഗിരിദാസ്
തെരുവുനായ്ശല്യം പരിഹരിക്കാൻ എബിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷകൻ ഡോ. പി.ബി. ഗിരിദാസ്. ജില്ലാ പഞ്ചായത്ത് കൃത്യമായി നടപ്പാക്കിയിരുന്ന പദ്ധതിയായിരുന്നു. പിന്നീട് കുടുംബശ്രീക്ക് അനുമതിനൽകിയിരുന്നുവെങ്കിലും അതു കോടതി വിലക്കിയതോടെയാണ് പ്രവർത്തനങ്ങൾ താളംതെറ്റിയത്. വന്ധ്യംകരിച്ച തെരുവുനായ്ക്കൾക്ക് ആക്രമണവാസന പിന്നെയും കൂടുന്നുവെന്നു പറയുന്നതിൽ കഴന്പില്ല. അവർക്ക് ഒരിക്കലും ആക്രമണവാസന വരില്ല. തെരുവുനായ്ക്കൾ കൂടുന്നതു തടയാൻ എബിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയേ മതിയാകൂ.
എൻജിഒ സംഘടനകളെ
മുഖവിലയ്ക്കെടുക്കണം: പ്രീതി ശ്രീവത്സൻ
തെരുവുനായ്ശല്യം എന്നു പറയുന്നത് അനാവശ്യമായി കുത്തിപ്പൊക്കുന്ന കാര്യം മാത്രമാണെന്നു മൃഗസംരക്ഷകയും പോസ് സ്ഥാപകയുമായ പ്രീതി ശ്രീവത്സൻ. എൻജിഒ സംഘടനകളുമായി ധാരണയിൽവന്നാൽ ഒരുപരിധിവരെ ഇവയുടെ വർധന തടയാം. സംഘടനകളുമായി ഒരുമിച്ചുപ്രവർത്തിച്ചാൽ എബിസി പദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാവും.
തെരുവിൽ അലയുന്ന നായ്ക്കൾക്കു കൃത്യമായി ഭക്ഷണം നൽകിയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. അതിനു പലരും എതിർപ്പുമായി രംഗത്തുവരികയാണ്. മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നതുമാത്രമേ പലരും കാണുന്നുള്ളൂ. തിരികെ അവ നേരിടുന്ന ആക്രമണങ്ങൾ ആരും മിണ്ടുന്നില്ല. നായക്കൾക്കു സംരക്ഷണമൊരുക്കാൻ പല പദ്ധതികളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ അനുകൂലമായ ഒരു നടപടിയും കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. തെരുവിൽ കഴിയുന്ന പട്ടിക്കുട്ടികളെ ഏറ്റെടുക്കാൻ ആളുകൾ മുന്നോട്ടുവന്നാൽ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വലിയ കുറവുവരുത്താൻ സാധിക്കുമായിരുന്നു.