ബസുകാരുടെ മിന്നൽപണിമുടക്ക്
1480369
Tuesday, November 19, 2024 7:59 AM IST
തൃശൂർ: ശക്തൻ സ്റ്റാൻഡിൽ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേ സ്വകാര്യബസുകളുടെ മിന്നൽപണിമുടക്ക്. അപ്രതീക്ഷിതമായ പണിമുടക്കിൽ ജനം വലഞ്ഞു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സമരം. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയില്ലെങ്കിൽ സമരം നാളെയും തുടരും. തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, കാട്ടൂർ റൂട്ടിലോടുന്ന ബസുകളാണ് മിന്നൽപണിമുടക്ക് നടത്തിയത്.
സ്റ്റാൻഡിന്റെ തെക്കുവശത്തു നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തെക്കുപടിഞ്ഞാറേ ഭാഗത്തെ റോഡിൽനിന്നാണ് ഈ ബസുകൾ പുറപ്പെടുന്നത്. അവിടെനിന്നു ശക്തൻ പ്രതിമയ്ക്കു സമീപത്തുകൂടെ ആകാശപ്പാതയ്ക്കടിയിലെ റൗണ്ട് എബൗട്ട് തിരിഞ്ഞു വീണ്ടും ശക്തൻ പ്രതിമയ്ക്ക് അരികിലെത്തിയാണ് കണ്ണംകുളങ്ങര വഴി സർവീസ് നടത്തുന്നത്. ഇതുമൂലം പത്തുമിനിറ്റോളം വൈകിയാണ് ബസുകൾ ഓടുന്നത്. മാത്രമല്ല, ആകാശപ്പാതയ്ക്കടിയിൽ വൻഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.
ചുറ്റിവളയാതെ ശക്തൻ പ്രതിമയെ വലംവച്ച് കണ്ണംകുളങ്ങരയിലേക്കു പ്രവേശിക്കാൻ അനുവദിക്കണമെന്നാണ് ബസുകാരുടെ ആവശ്യം. മാത്രമല്ല സ്റ്റാൻഡിന്റെ വടക്കുഭാഗത്തു കോഴിക്കോട്, കുന്നംകുളം ബസുകൾ നിർത്തുന്നതിന് എതിർവശത്തു ട്രാക്ക് അനുവദിക്കണമെന്നും സംയുക്ത ബസ് തൊഴിലാളിനേതാവ് സെബി വർഗീസ് ആവശ്യപ്പെട്ടു.
രാവിലെ ഓഫീസ് സമയം കഴിഞ്ഞായിരുന്നു മിന്നൽസമരമെങ്കിലും മറ്റു യാത്രക്കാരെ സമരം സാരമായി ബാധിച്ചു. തൃപ്രയാറിലേക്കുള്ളവർ കാഞ്ഞാണി വഴിയുള്ള ബസുകളിൽ അഭയംതേടി.
ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ളവർ കൊടകരവഴിയാക്കി യാത്ര. വൈകീട്ട് സ്കൂൾവിദ്യാർഥിനികളും ഓഫീസുകൾ വിട്ടിറങ്ങിയവരും സമരമറിയാതെ ബസ് സ്റ്റോപ്പുകളിൽ കാത്തുനിന്നു.