പടവുകൾ തകർന്നു ഭഗവതിച്ചിറ
1480376
Tuesday, November 19, 2024 7:59 AM IST
തിരുവില്വാമല: വില്വാദ്രിനാഥക്ഷേത്രത്തിന്റെ വടക്കേനടയിലെ ക്ഷേത്രക്കുളമായ ഭഗവതിച്ചിറ തകര്‍ന്ന അവസ്ഥയില്‍. പടവുകൾ തകർന്ന് കാടുപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. പൊന്തക്കാടുകളും വള്ളിപ്പടർപ്പുകളുംനിറഞ്ഞ് കുളക്കടവും പരിസരവും ഇഴജന്തുക്കൾ വന്നാൽ കാണാനാവത്ത അവസ്ഥയാണ്. ക്ഷേത്രപരിസരത്തുള്ള ആളുകൾ മാത്രമല്ല ക്ഷേത്രത്തിലെത്തുന്ന നിരവധിഭക്തരും ഇവിടെ കുളിക്കാനെത്തുന്നു.
ഭഗവതിച്ചിറയിൽ മണ്ഡലകാലമായതോടെ ശബരിമലയ്ക്ക് മാലയിട്ട സ്വാമിമാരും ഭക്തരുമടക്കം നിരവധിപേരാണ് എത്തുന്നത്. ക്ഷേത്രത്തിന്റെ വടക്കേനടയിൽനിന്ന് നിരധിപടവുകൾ ഇറങ്ങിവേണം കുളത്തിലെത്താൻ. പരിസരമാകെ കാടുപിടിച്ചുകിടക്കുകയാണ്. റോഡരുകിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളക്കടവിൽ കൂരിരുട്ടാണ്. കുളക്കരയിലുള്ള മരങ്ങൾ വളർന്ന് വലുതായി പടവുകൾ ഇളകിതകർന്ന അവസ്ഥയിലാണ്.
പരിചയമില്ലാത്തവർ പടവുകളിൽ ചവിട്ടിവീഴാറുമുണ്ട്. ഇഴഇന്തുക്കളെയും തെരുവ് നായ്ക്കളെയും പേടിച്ചുവേണം കുളിക്കാൻ.