അനധികൃത മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്തു; ലക്ഷങ്ങളുടെ പിഴചുമത്തി
1480371
Tuesday, November 19, 2024 7:59 AM IST
അഴീക്കോട്: മത്സ്യബന്ധന നിയന്ത്രണനിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചും നിയമാനുസൃതമല്ലാത്ത രീതിയിൽ ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥ സംയുക്തസംഘം പിടികൂടി. 2,50,000 രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗയോഗ്യമായ 1,51,000 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പനയ്ക്കൽ വിട്ടിൽ ഔസോയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിലല്ലാതെ കണ്ട (12 സെന്റീമീറ്ററിൽതാഴെ വലിപ്പമുള്ള) ഏകദേശം 4,000 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെയും അഴിക്കോട് കോസ്റ്റൽ ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോന്പിംഗ് ഓപ്പറേഷനിലാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനുതാഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമപ്രകാരം കുറ്റകരമാണ്.
കോസ്റ്റൽ പോലീസ് എസ്ഐ പി.പി. ബാബു, എഎസ്ഐ ബനീഷ്ക്, സിപിഒ സി.ബി. അരവിന്ദ്, എഎഫ്ഇഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, അൻസാർ എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതി അവലംബിക്കുന്നവര്ക്കെതിരേ തുടർന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾമജീദ് പോത്തനൂരാൻ അറിയിച്ചു.