സിജിയുടെ ഹൃദയത്തിലിന്നും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അമരന്
1480375
Tuesday, November 19, 2024 7:59 AM IST
പഴയന്നൂര്‍: മേജര്‍ മുകുന്ദിന്റെ ജീവിതകഥയായ അമരന് സിനിമാതിയറ്ററുകളില്‍ ബ്ലോക്ക് ബസ്റ്ററായി ഓടുന്നതിനിടെ മുംബൈ തീവ്രവാദ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ടുള്ള ആത്മബന്ധത്തിന്റെ കഥ ഓര്‍ത്തെടുക്കുകയാണ് പഴയന്നൂര്‍ വടക്കേത്തറ വെള്ളിയോട്ടില്‍ സിജി ഗോവിന്ദ്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിറന്നാള്ദിനത്തിനുമുന്നോടിയായി സന്ദീപിന്റെ അച്ഛന് ഉണ്ണിക്കൃഷ്ണനും അമ്മ ധനലക്ഷ്മിയും മകന്റെ ഓര്‍മയ്ക്കായി മുടക്കമില്ലാതെ സിജി ഗോവിന്ദിന് അയയ്ക്കുന്ന പിറന്നാള്‍ കാര്‍ഡുകളാണ് ഈ ആത്മബന്ധത്തിന്റെ അടിസ്ഥാനം. 2008ല്‍ തീവ്രവാദികളുടെ താജ് ഹോട്ടല്‍ ആക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് വീരമൃത്യുവരിച്ചത്.
സന്ദീപിന്റെ വിയോഗത്തില്‍ അനുശോചനമര്പ്പിച്ചെഴുതിയ കത്തിലൂടെയാണ് മാതാപിതാക്കളുമായി സിജി ബന്ധപ്പെടുന്നത്. പരസ്യ രംഗത്തെ കോപ്പിറൈറ്ററായാണ് സിജി ഗോവിന്ദ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കത്തിടപാടിനുശേഷമാണ് സന്ദീപിന്റെ മരണശേഷമുള്ള പിറന്നാളുകള്‍ക്ക് കാര്‍ഡുകള്‍ ലഭിച്ചു തുടങ്ങിയത്. സന്ദീപിന്റെ പിറന്നാള്‍ദിനമായ, ഇക്കഴിഞ്ഞ മാര്‍ച്ച് 15 വരെയും അതിന് മുടക്കമില്ല.
വീരമൃത്യുവരിച്ച എല്ലാ ധീരജവാന്മാരും അമരന്മാര്തന്നെയാണെന്നാണ് സിജി ഗോവിന്ദിനും പറയാനുള്ളത്.