പഴുവിലിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം
1480370
Tuesday, November 19, 2024 7:59 AM IST
അന്തിക്കാട്: പഴുവിൽ വെസ്റ്റ് പ്രദേശത്തു പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയ സംഘം സിപിഐ കുറുമ്പിലാവ് ഓഫീസിന്റെ ജനൽചില്ലുകളും ഫർണിച്ചറുകളും തകർത്തു. പഴുവിൽ സുബ്രഹ്മണ്യക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.എ. ദേവീദാസിന്റെ വീടിനുനേരേയും ആക്രമണം നടന്നു. വീടിന്റെ ജനൽചില്ലുകളും വാതിലുകളും അടിച്ചുതകർത്ത സംഘം മുറ്റത്തു പാർക്ക്ചെയ്ത ഇരുചക്രവാഹനങ്ങളും കേടുവരുത്തി. ഈസമയം ദേവീദാസിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പഴുവിൽ ദേവസ്വം ഓഫീസിലും എത്തിയ അക്രമിസംഘം ദേവസ്വം ഓഫീസറെ കത്തികാട്ടി ഭീഷണിപ്പെടുത്തി.
ഏതാനും ദിവസംമുമ്പ് സിപിഐ കുറുമ്പിലാവ് ലോക്കൽ സെക്രട്ടറി എ.ബി. ജയപ്രകാശിന്റെ വീടിനുനേരേയും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് ഉണർന്നുപ്രവർത്തിക്കുന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
സിപിഐ ഓഫീസ് തകര്‍ത്ത ഗുണ്ടകള്‍ക്കെതിരേ
കര്‍ശനനടപടി സ്വീകരിക്കണം: വത്സരാജ്
തൃശൂര്‍: സിപിഐ കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത ക്രിമിനലുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പ്രാദേശികമായ ഒരു ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ലഹരിമാഫിയാ ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് പാർട്ടി ഓഫീസും തകർത്തത്. ചാഴൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറേനാളുകളായി ലഹരിമാഫിയാ ഗുണ്ടാസംഘങ്ങള്‍ പിടിമുറുക്കിയിട്ടും ഇതുസംബന്ധിച്ച് പലതവണ പോലീസ് അധികൃതര്‍ക്കു പാര്‍ട്ടി പ്രാദേശികനേതൃത്വം പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എ.ബി. ജയപ്രകാശിനെയും അദ്ദേഹത്തിന്റെ വീട്ടിലും ആക്രമണം നടത്തിയവർതന്നെയാണ് പാർട്ടി ഓഫീസിനെതിരേയും ആക്രമണം അഴിച്ചുവിട്ടത്. ഇത്തരം ക്രിമിനലുകളെ വരുതിയിലാക്കാന്‍ പോലീസ് സംവിധാനം പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്കു പാര്‍ട്ടിയുടേതായ വഴി നോക്കേണ്ടിവരുമെന്നും വത്സരാജ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച കുറുമ്പിലാവ് ലോക്കല്‍ കമ്മറ്റി ഓഫീസും ലോക്കല്‍ സെക്രട്ടറിയുടെ വസതിയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.എസ്. സുനില്‍കുമാര്‍, ചേര്‍പ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകന്, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര്. മുരളീധരന്, ജില്ലാ കൗണ്‍സില്‍ അംഗം കെ.എം. ജയദേവന് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.