കൊരട്ടി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ദേശീയതക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ഊർജം പകരുന്നതാണെന്ന് ബെന്നി ബഹനാൻ എംപി. യുഡിഎഫ് ചാലക്കുടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകനയോഗം അങ്കമാലി സിഎസ്ഐ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയും സംഘപരിവാർ ശക്തികളും വികലമാക്കിയ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ ആഗ്രഹവും ആവേശവുമാണ് തെരഞ്ഞെടുപ്പുഫലങ്ങളിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ അധികാരത്തിലേറിയതു കേവലം സാങ്കേതിക വിജയം കൊണ്ടാണ്.
ജനമനസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും ഇന്ത്യ മുന്നണിയോടും രാഹുൽഗാന്ധിയോടും ഒപ്പമാണെന്ന് തെളിഞ്ഞതായി ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു. ചാലക്കുടി പാർലമെന്റ്് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ് അധ്യക്ഷത വഹിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എംപി, എംഎൽഎ മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, കൺവീനർ ഷിബു തെക്കുംപുറം, കെപിസിസി ഭാരവാഹികളായ വി.പി സജീന്ദ്രൻ, അബ്ദുൽ മുത്തലീബ്, ഐ.കെ. രാജു, സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ അധ്യക്ഷൻമാരായ മാത്യു തോമസ്, എം.ഒ. ജോൺ, എബി ജോർജ്, ഘടകകക്ഷി നേതാക്കളായ എം.എ. ചന്ദ്രശേഖരൻ, എം.വി.സി. അഹമ്മദ്, ബേബി വി. മുണ്ടാടൻ, ജോർജ് സ്റ്റീഫൻ, ബൈജു മേനാച്ചേരി, പി.ആർ. മാണിക്യമംഗലം, കെ.കെ.ചന്ദ്രൻ, കെ.വി മുരളി എന്നിവർ പ്രസംഗിച്ചു.