"കല്യാണിക്കുട്ടിയമ്മ അമ്മ, ഇന്ദിരാഗാന്ധി ഭാരതമാതാവ്' ... ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നു സുരേഷ്ഗോപി
1429745
Sunday, June 16, 2024 7:38 AM IST
തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പൂങ്കുന്നത്തെ മുരളീമന്ദിരത്തിലെത്തി കെ. കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
കോണ്‍ഗ്രസിൽനിന്ന് ബിജെപിയിലേക്കു മാറിയ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലും മുരളീമന്ദിരത്തിലുണ്ടായിരുന്നു. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നു സുരേഷ്ഗോപി പറഞ്ഞു. സന്ദർശനത്തിനു രാഷ്ട്രീയമാനം കാണേണ്ട. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരൻ.
നായനാരുടെ പത്നി ശാരദടീച്ചറിനു മുന്നേ തനിക്കുകിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധിയെന്നു സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്നു വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിനു നന്മയായി ഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. ധീരനായ ഭരണകർത്താവ് എന്നനിലയിൽ കരുണാകരനോട് ആരാധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019ൽ തൃശൂരിൽ സ്ഥാനാർഥിയായ സമയത്തുതന്നെ മുരളീമന്ദിരത്തിൽ വന്നോട്ടെയെന്നു പദ്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്നതു പാടില്ല എന്നാണ് പദ്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്തു പറയും എന്നാണ് പദ്മജ ചോദിച്ചത്. അന്നു താനതു മാനിച്ചു. ഇന്നു കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്നുകൊണ്ടാണ് ഇവിടെ എത്തിയത്. അതു കെ. മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രഭാതഭക്ഷണം ഒരുക്കി പദ്മജ
പൂങ്കുന്നം: കെ. കരുണാകരന്റെ വീടായ മുരളീമന്ദിരത്തിൽ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനൊപ്പം പ്രഭാതഭക്ഷണം കഴിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും.
രാവിലെ രാമനിലയം ഗസ്റ്റ്ഹൗസിൽനിന്ന് എത്തി കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷപാര്ച്ചനയ്ക്കുശേഷം പദ്മജ സുരേഷ് ഗോപിയെ പ്രഭാതഭക്ഷണത്തിനു ക്ഷണിക്കുകയായിരുന്നു. മസാലദോശ, ഇഡ്ഡലി, ദോശ, ഉപ്പുമാവ്, അരിപ്പുട്ട്, ഗോതന്പുപുട്ട്, കുറുമക്കറി, കടലക്കറി, സാമ്പാർ, ചട്നി, പഴം പുഴുങ്ങി ചെറുതായി അരിഞ്ഞത് എന്നിവ തീൻമേശയില് ഉണ്ടായിരുന്നു. പദ്മജ വിളന്പിക്കൊടുത്തത് എല്ലാം രുചിയോടുകൂടി വിളമ്പിക്കഴിച്ചു.
ചൂടുള്ള ഒരു ദോശകൂടി സുരേഷ് ഗോപി ആവശ്യപ്പെട്ടതു ചിരിപടർത്തി. വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരടക്കം എല്ലാവര്ക്കും ഭക്ഷണം കൊടുക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടു. എല്ലാം പുറത്തു തയാറാണെന്നു പദ്മജ പറഞ്ഞു.