കുവൈറ്റ് ദുരന്തം: ആശ്വാസവാക്കുകളുമായി മന്ത്രിമാര്‍
1429873
Monday, June 17, 2024 1:40 AM IST
ചാവക്കാട്: കുവൈറ്റ് അഗ്നിബാധയിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ നഗരസഭയുടെ അടിയന്തരകൗൺസിൽ വ്യാഴാഴ്ച ചേരാൻ മന്ത്രി കെ. രാജൻ നിർദേശിച്ചു.
ഇന്നലെ രാവിലെ ബിനോയ് തോമസിന്റെ തെക്കൻപാലയൂരിലുള്ള വീട്ടിലെത്തിയ മന്ത്രി സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങളുടെയും നടപടി വേഗത്തിലാക്കാൻ ഇടപെടുമെന്ന് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബിനോയിയുടെ വീട്ടിൽ എത്തിയ മന്ത്രി ഡോ.ആർ. ബിന്ദു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിനോയ് തോമസിന്റെ കുടുംബം അനാഥമാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി, ബിനോയിയുടെ മൂത്തമകന് സി.കെ. മേനോന്റെ മകൻ ജയകൃഷ്ണന്റെ ഗൾഫിലെ സ്ഥാപനത്തിൽ ജോലി ശരിയാക്കാൻ നടപടി സ്വീകരിക്കുമെന്നറിയിച്ചു. എൻ.കെ. അക്ബർ എംഎൽഎ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, എഡിഎം ടി. മുരളീധരൻ, ഡെപ്യൂട്ടി തഹസീൽദാർ കെ.ജെ. തോമസ്, വില്ലേജ് ഓഫീസർ കെ.എ. അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കൗൺസിലർമാരായ സുപ്രിയ രാമചന്ദ്രൻ, ഷാഹിന സലിം, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.