യാത്രക്കാര്‍ വീഴുന്നത് പതിവ്; അധികൃതരുടെ പരിശോധന പ്രഹസനം
1429864
Monday, June 17, 2024 1:40 AM IST
ഇരിങ്ങാലക്കുട: ഭാഗ്യംകൊണ്ടാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ബസില്‍നിന്നു തെറിച്ചുവീണ് പരിക്കേറ്റ ഇരിങ്ങാലക്കുട കുരിശങ്ങാടി സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ പോളി(60)യുടെ വാക്കുകളാണിത്. സ്വകാര്യ ബസുകളില്‍ തുറന്നു വച്ച വാതിലുകള്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുകയാണ്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകളില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് ഇരിങ്ങാലക്കുടയില്‍ പതിവുകാഴ്ച്ചയായിട്ടുണ്ട്.
അമിത വേഗതയും ബസിന്റെ വാതിലുകള്‍ പ്രവര്‍ത്തിക്കാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈ വര്‍ഷം തന്നെ നിരവധി അപകടങ്ങളാണ് ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമായി നടന്നിട്ടുള്ളത്. ചന്തക്കുന്നിനും ബസ് സ്റ്റാൻഡിനുമിടയില്‍ ചെട്ടിപ്പറമ്പിലെ വളവില്‍വച്ചാണ് പോളി ബസില്‍ നിന്നും തെറിച്ചു വീണത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്ന് തെറിച്ച് വീണ് കാറളം വെള്ളാനി സ്വദേശിയും സെന്റ് ജോസഫ്സ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ കൈതവളപ്പില്‍ വീട്ടില്‍ ദിത്യക്കു പരിക്കേറ്റിരുന്നു. പരീക്ഷ കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബസിന്റെ വാതില്‍ അടയ്ക്കാത്തതായിരുന്നു അപകട കാരണം. തലയ്ക്കു മറ്റും പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലായിരുന്നു ചികിത്സ.
കുറച്ച് ദിവസം മുമ്പ് മാപ്രാണം ലാല്‍ ആശുപത്രിയുടെ മുമ്പില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നും തെറിച്ചു വീണ് പരിക്കേറ്റ മാപ്രാണം സ്വദേശി ഇപ്പോഴും ചികിത്സയിലാണ്. മാര്‍ക്കറ്റിലേക്ക് തിരിയുന്നിടത്ത് വച്ച് ബസില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ സ്ത്രീയുടെ ഗതിയും മറ്റൊന്നല്ല. ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതോടെ അധികൃതരുടെ ഭാഗത്ത്നിന്നും രണ്ട് ദിവസത്തേക്ക് ബസ് സ്റ്റാന്‍ഡിലും നിരത്തിലുമായി പരിശോധനകളും മറ്റും നടക്കുമെങ്കിലും ഒരാഴ്ച്ച കഴിയുമ്പോഴേക്കും ബസുകളുടെ വാതിലുകള്‍ അപ്രത്യക്ഷമാകും.
അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും വാതിലുകള്‍ അടയ്ക്കാതെയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം നിയന്ത്രിക്കാന്‍ നടപടിയില്ല. സ്വകാര്യ ബസുകളുടെ ഇടതു ഭാഗത്ത് രണ്ട് വാതിലുകള്‍ നിര്‍ബന്ധമാണ്. ഇവ കൃത്യമായി പ്രവര്‍ത്തിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവുണ്ട്.
ഭൂരിഭാഗം ബസ് ജീവനക്കാരും വാതിലുകള്‍ക്ക് പ്രാധാന്യം നല്‍കാറില്ല. രണ്ട് വാതിലുകളും തുറന്നിട്ട് ഓടുന്നവര്‍, മുന്നിലെ വാതില്‍ മാത്രം അടച്ചിട്ട് ഓടുന്നവര്‍, വാതിലുകള്‍ കെട്ടിവച്ച് ഓടുന്നവര്‍, അങ്ങനെ കാഴ്ച്ചകള്‍ ബഹുവിധമാണ്.
എന്നാല്‍, ചുരുക്കം ചിലര്‍ സുരക്ഷിത യാത്ര നടത്തുന്നവരുമുണ്ട്. സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് കുറഞ്ഞിട്ടുണ്ട്.
സ്കൂള്‍ സമയങ്ങളില്‍ സ്വകാര്യ ബസുകളില്‍ വന്‍തിരക്കാണ്. കുട്ടികള്‍ പോലും പലപ്പോഴും വാതിക്കല് നിന്നാണ് യാത്ര ചെയ്യുന്നത്. ഇവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന സമീപനവുമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.