തൊഴിലുറപ്പ് തൊഴിലാളികൾ പട്ടിണിയിൽ
1429869
Monday, June 17, 2024 1:40 AM IST
വടക്കാഞ്ചേരി: നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ നേരിട്ടുനടത്തുന്ന പദ്ധതിക്കു നഗരസഭകളിൽനിന്ന് അയയ്ക്കുന്ന വാർഷികപദ്ധതി അനുസരിച്ച് പകുതി പണംപോലും ലഭിക്കുന്നില്ല. പഞ്ചായത്തുകളിൽ നാലുകോടി രൂപവരെ തൊഴിലുറപ്പു പദ്ധതിക്കായി ചെലവഴിക്കുമ്പോൾ നഗരസഭകൾക്കു രണ്ടുകോടി രൂപ മാത്രമാണു ലഭിച്ചിരുന്നത്.
കഴിഞ്ഞ വർഷം ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ അവസാനത്തെ ഗഡു ചെലവു ചെയ്യാൻ കഴിഞ്ഞില്ല. 2017 മുതൽ പിഎംജിഎസ്വൈ വീടു നിർമാണത്തിനു തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് അധികസഹായമായി കൊടുത്തിരുന്ന 40,000 രൂപ കുറച്ചുപേർക്കു മാത്രമാണു നൽകാൻ സാധിച്ചത്. ഈ ഇനത്തിൽ കോടികൾ കുടിശികയാണ്.
നഗരസഭകളിലെ ഒരുലക്ഷത്തോളം തൊഴിലാളികൾ പ്രതിസന്ധിയിലാണ്. നഗരസഭകളിൽ അടിയന്തരമായി നടക്കേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചു ജീവിച്ചിരുന്ന തൊഴിലാളികൾ വരുമാനവുമില്ലാതെ വിഷമിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ പണം ഉടൻ അനുവദിക്കാത്തപക്ഷം തൊഴിലുറപ്പു നിയമം അനുസരിച്ച് സർക്കാരിനെതിരെ നിയമനടപടി ആലോചിക്കുന്നതായി ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത്കുമാർ പറഞ്ഞു.