ആദിവാസി, ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം: നിർദേശം പുനഃപരിശോധിക്കണമെന്ന്
1430632
Friday, June 21, 2024 6:07 AM IST
കൽപ്പറ്റ: ആദിവാസി, ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം സംബന്ധിച്ച ഉത്തരവിലെ നിർദേശം പുനഃപരിശോധിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭാ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ മന്ത്രി കെ. രാധാകൃഷ്ണന്റെ പേരിൽ ചിലർ നടത്തുന്ന കൊട്ടിഘോഷത്തിൽ കാന്പില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കേരള മോഡൽ വികസനത്തിന്റെ ഭാഗമായി ദളിത്ആദിവാസി ജനവാസ കേന്ദ്രങ്ങൾക്കുമേൽ സംസ്ഥാന സർക്കാർ അടിച്ചേൽപ്പിച്ചതാണ് "കോളനി’ പ്രയോഗം. ഇത് റദ്ദാക്കാനുള്ള മുൻ മന്ത്രി കെ. രാധാകൃഷ്ണന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ പേരുമാറ്റം സംബന്ധിച്ച സർക്കാർ നിർദേശം പട്ടികവർഗദളിത് ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്ന തരത്തിലല്ല.
ആദിവാസി സമൂഹം ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന "ഊര്’ എന്ന പേര് റദ്ദാക്കാനാണ് സർക്കാർ നിർദേശം. പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണെന്നും പറയുന്നു. ഇത് ആദിവാസി, ദളിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിലുള്ള കടന്നുകയറ്റമാണ്.
പഞ്ചായത്ത്രാജ് നടപ്പാക്കിയതോടെ പ്രത്യേക ഘടക പദ്ധതികൾ ചിതറപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വികസന ഫണ്ട് ലാപ്സാകുകയാണ്. വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് ഏറെക്കുറെ പൂർണമായി ബജറ്റ് തുക ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ അതും തകർക്കപ്പെട്ടു. ഇ- ഗ്രാൻഡ് രണ്ടുവർഷത്തിലധികമായി കുടിശികയാണ്. ഇ- ഗ്രാൻഡ് അട്ടിമറിച്ച മന്ത്രി എന്ന നിലയിലാണ് കെ. രാധാകൃഷ്ണൻ ചരിത്രത്തിൽ ഓർക്കപ്പെടുകയെന്നും ഗീതാന്ദൻ പറഞ്ഞു.