പുലിഭീതി: മാന്ദാമംഗലത്ത് സർവകക്ഷിയോഗം ചേർന്നു
1430063
Wednesday, June 19, 2024 1:51 AM IST
പുത്തൂർ: മാന്ദാമംഗലത്ത് വന്യജീവിസാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നു.
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നും പഞ്ചായത്ത് മുൻകൈയെടുത്ത് ജനകീയമായി അടിക്കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരെയും പങ്കെടുപ്പിച്ച് ജനകീയ യോഗം ചേർന്ന് ജനങ്ങളുടെ ആശങ്കങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുകയും വേണം.
ജനവാസമേഖലയിൽ വന്യജീവിസാന്നിധ്യം കണ്ടെത്തിയാൽ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ 8547601726 എന്ന നമ്പറിൽ അറിയിക്കണം. പിഡബ്ല്യുഡിക്കും ആവശ്യമായ നടപടികൾക്ക് നിർദേശം നൽകി. വനംവകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കും. പോലീസിന്റെ സഹായവും ലഭ്യമാക്കും. ഇരുട്ടുള്ള ഇടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കാനും യോഗം നിർദേശിച്ചു. കൂടുതൽ കാമറകൾ സ്ഥാപിക്കുന്നതിന് പണം ആവശ്യമെങ്കിൽ എംഎൽഎ ഫണ്ടിൽനിന്ന് ലഭ്യമാക്കും.
പ്രദേശവാസികൾ ആശങ്കപ്പെടരുതെന്നും വ്യാജവിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, എഡിഎം ടി. മുരളി, പട്ടിക്കാട് റേഞ്ച് ഓഫീസർ എ.സി. പ്രജി, ഒല്ലൂർ എസ്എച്ച്ഒ അജീഷ്, ടി.കെ. ശ്രീനിവാസൻ, പി.ബി. സുരേന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി. സജീവ്കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ
പങ്കെടുത്തു.