വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുന്നവരാകണം: റവ. ഡോ. സാജൻ പിണ്ടിയാൻ
1429872
Monday, June 17, 2024 1:40 AM IST
പുതുക്കാട്: ഉത്തരങ്ങൾ നല്കുന്നവർ മാത്രമല്ല, ചോദ്യങ്ങൾ ചോദിക്കുന്നവരും അറിയുന്ന കാര്യങ്ങൾ പ്രകടിപ്പിക്കുന്നവരുമായിരിക്കണം വിദ്യാർഥികളെന്ന് മേരിമാതാ മേജർ സെമിനാരി പ്രഫസർ റവ. ഡോ. സാജൻ പിണ്ടിയാൻ.
ഒരു നല്ല വ്യക്തിയാകുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും കൂട്ടായ്മയിലൂടെയാണ് നാം വിജയം നേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജ്യോതി നികേതൻ കോളജിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പുതുക്കാട് മേഖലയിലെ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ദീപിക ആദരം 2024 പരിപാടി ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രജ്യോതി നികേതൻ കോളജ് മാനേജർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ അധ്യക്ഷതവഹിച്ചു. കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി ഡയറക്ടർ ജെസ്ലിൻ ജെയിംസ് മാളിയേക്കൽ ആശംസ അർപ്പിച്ചു. തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സീനിയർ ഫാക്കൽറ്റി സൂരജ് റെജിനാൾഡ് ഡിസൈനിംഗിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസെടുത്തു.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ദീപികയുടെ മെഡലും പ്രശസ്തി പത്രവും നൽകി. ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതവും ദീപിക സർക്കുലേഷൻ എക്സിക്യൂട്ടീവ് എം.ഡി. ചാക്കോ നന്ദിയും പറഞ്ഞു.