പുലി ഭീതി: മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കുമെന്ന് മന്ത്രി
1429861
Monday, June 17, 2024 1:40 AM IST
പുത്തൂർ: മാന്ദാമംഗലം മുരുക്കുംപാറയിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് പ്രദേശം റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു. കഴിഞ്ഞ രണ്ടുദിവസമായാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. മുരുക്കുംപാറയിലും വെള്ളച്ചാലിലുമാണ് പുലിയെ കണ്ടതായി അഭ്യൂഹം ഉയർന്നത്. ഇതേത്തുടർന്നാണു മന്ത്രി .ുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പുത്തൂർ പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചത്.
മുരുക്കുംപാറയിൽ കഴിഞ്ഞ ദിവസം പുലിയെ കണ്ടുവെന്നുപറയുന്ന സ്കൂട്ടർ യാത്രക്കാരി നിത്യയിൽ നിന്ന് മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാന്ദാമംഗലം ഫോസ്റ്റ് സ്റ്റേഷനിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കാൻ മന്ത്രി നിർദേശം നൽകി.
പുലിയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കുംവരെ അടുത്ത ഒരാഴ്ച പ്രദേശത്ത് പട്രോളിംഗ് നടത്താനും വനംവകുപ്പിനു നിർദേശം നൽകി. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാനും മന്ത്രി നിർദേശിച്ചു. കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. നിലവിൽ മുരുക്കുംപാറയിൽ ഒറ്റ നിരീക്ഷണ കാമറ മാത്രമാണുള്ളത്. ഇതിനുപുറമേ ആറു നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകി.
മാന്ദാമംഗലം ഫോറസ്റ്റ് ഓഫീ സിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. നിലവിലെ സ്ഥിതി വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു.
ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാന്ദാമംഗലം ഫോറസറ്റ് ഓഫീസിൽ സർവകക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് മന്ത്രി അറിയിച്ചു. എഡിഎം ടി.മുരളി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്് മിനി ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.