വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ
1430602
Friday, June 21, 2024 5:17 AM IST
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ 2020-24 ബി ടെക് ബാച്ചുകളുടെയും, 2022-24 എംബിഎ ബാച്ചിന്റെയും മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. നിറ്റാ ജലാറ്റിൻ ഡയറക്ടർ ഇ. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, പിടിഎ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ജോർജ്, സ്റ്റുഡൻസ് കൗണ്‍സിൽ ചെയർമാൻ ജിഷ്ണു ബൈജു എന്നിവർ പ്രസംഗിച്ചു. വിവിധ എൻജിനീയറിംഗ്, എംബിഎ വിഭാഗങ്ങളിലായി 344 വിദ്യാർഥികളാണ് ഈ വർഷം പഠനം പൂർത്തീകരിച്ചത്.
കാന്പസ് റിക്രൂട്ട്മെന്റിലൂടെ 200ൽപ്പരം വിദ്യാർഥികൾക്ക് വിവിധ കന്പനികളിലായി ജോലി ലഭിച്ചുകഴിഞ്ഞു. കൂടാതെ ഈ വിദ്യാർഥികൾക്ക് ഉൾപ്പെടെ വിവിധ കന്പനികളിലായി 350 പ്ലെയ്സ്മെന്റ് ഓഫറുകളും ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റിനുള്ള ഫാ. തോമസ് മലേക്കുടി എൻഡോവ്മെന്റ് അവാർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ നിവ്യാ വിനീതിന് കോളജ് മാനേജർ ചടങ്ങിൽ സമ്മാനിച്ചു.
ഓരോ ബ്രാഞ്ചുകളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ഫാ. ജോസഫ് പുത്തൻകുളം മെമ്മോറിയൽ അവാർഡും, മാത്തമാറ്റിക്സിൽ ഉന്നത വിജയം നേടിയ വിദ്യാർഥിക്കുള്ള പ്രഫ. ആൻ നീത സാബു എൻഡോവ്മെന്റ് അവാർഡും, മെക്കാനിക്കൽ വിദ്യാർഥികൾക്കായുള്ള മുരളീ കൃഷ്ണ അവാർഡും, ഓരോ ബ്രാഞ്ചുകളിലെയും ബെസ്റ്റ് പ്രോജക്ടുകൾക്ക് പൂർവ വിദ്യാർഥികൾ സ്പോണ്സർ ചെയ്യുന്ന അവാർഡുകളും ചടങ്ങിൽ നൽകി.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികളും, അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. എടിവി സ്പോർട്സ് ചാന്പ്യൻഷിപ്പിൽ ദേശീയതലത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രത്യേകം അവാർഡുകൾ നൽകിയും ആദരിച്ചു.