പാർട്ടിയെ ശക്തിപ്പെടുത്താൻ ഇടപെടലുകൾ നടത്തുമെന്നു വി.കെ. ശ്രീകണ്ഠൻ എംപി
1429870
Monday, June 17, 2024 1:40 AM IST
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിനേറ്റ തിരിച്ചടി പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതി നാളെ തെളിവെടുപ്പിനെത്തുമെന്നു ഡിസിസി പ്രസിഡന്റായി സ്ഥാനമേറ്റ വി.കെ. ശ്രീകണ്ഠൻ എംപി.
രാവിലെ ഡിസിസി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കളുമായി സമിതി അംഗങ്ങളായ കെ.സി. ജോസഫ്, ടി. സിദ്ധിഖ്, ആർ. ചന്ദ്രശേഖരൻ എന്നിവർ ചർച്ചനടത്തും. ഉച്ചമുതൽ ഏഴു നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 14 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുമായും ചർച്ച നടത്തും. ജില്ലയിലെ മറ്റു നേതാക്കളെ പിന്നീടായിരിക്കും കാണുക. തെരഞ്ഞെടുപ്പു പ്രവർത്തനം സംബന്ധിച്ചുള്ള വിലയിരുത്തലുകളും പരാതികളും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കോ ഉപസമിതിക്കോ രേഖാമൂലം എഴുതിനൽകാൻ അവസരമുണ്ട്. ഇവരെ സിറ്റിംഗിൽ നേരിൽ കാണില്ല. തദ്ദേശ തെരഞ്ഞെടുപ്പും ചേലക്കര തെരഞ്ഞെടുപ്പുമാണു പാർട്ടിക്ക് മുന്നിലുള്ള പ്രധാന അജണ്ടകൾ.
പോരായ്മകൾ തിരിച്ചറിഞ്ഞു പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തും. തോൽവി സംബന്ധിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പുകൾ പിൻവലിക്കണമെന്ന് കോൺഗ്രസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
24 മണിക്കൂറിനകം ഇവ നീക്കംചെയ്തില്ലെങ്കിൽ അവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകും. പാർട്ടിക്കെതിരെ പരസ്യ പ്രചാരണം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്നത് ഏത് മുതിർന്ന നേതാവായാലും അവർക്കെതിരെയും നടപടിയുണ്ടാകും.
അച്ചടക്ക രാഹിത്യം കോൺഗ്രസിൽഅനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി മുൻ ജില്ലാ പ്രസിഡന്റ് ഒ. അബ്ദുറഹിമാൻകുട്ടി, മുൻ എംഎൽഎ അനിൽ അക്കര എന്നിവർ കൺവീനർമാരായി ഉപസമിതിക്കു രൂപം നൽകി. അംഗങ്ങളെ പിന്നീടു നിശ്ചയിക്കും.
വോട്ടുചേർക്കൽ നടപടികൾക്ക് നേതൃത്വം നൽകാൻ ഓരോ മണ്ഡലത്തിലും ഡിസിസി ഭാരവാഹിക്കു ചുമതല നൽകും. പത്രസമ്മേളനത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ പങ്കെടുത്തു.