പട്ടിക്കാട് കല്ലിടുക്കിലെ അടിപ്പാതയുടെ പണിതുടങ്ങി
1430295
Thursday, June 20, 2024 1:27 AM IST
പട്ടിക്കാട്: ദേശീയപാതയിൽ കല്ലിടുക്കിൽ നിർമിക്കുന്ന അടിപ്പാതയുടെ പണികൾ തുടങ്ങി. ഹൈവേയിൽ കല്ലിടുക്ക് ജംഗ്ഷനിൽ ഇരുഭാഗത്തുമായി മീഡിയൻ പൊളിച്ചുനീക്കി വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന പണികളാണു തുടങ്ങിയത്. മറ്റു പണികൾ വൈകാതെ ആരംഭിക്കും. ഇവിടെ അടിപ്പാതയ്ക്ക് അഞ്ചര മീറ്റർ ഉയരം വേണമെന്നാണു കല്ലിടുക്ക് ജനകീയസമിതി ആവശ്യപ്പെട്ടിരുന്നത്. അത്രയും ഉയരം അടിപ്പാതയ്ക്ക് ഉണ്ടായിരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.
നിർമാണപ്രവർത്തനങ്ങൾക്കു തടസമുണ്ടാക്കാതെതന്നെ അടിപ്പാതയുടെ ഉയരം വർധിപ്പിച്ചുകിട്ടുന്നതിനുള്ള പരിശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കല്ലിടുക്ക് ജനകീയസമിതി പ്രസിഡന്റ് സുഭാഷ്കുമാറിന്റെ നേതൃത്വത്തിൽ എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർക്കു നിവേദനം നൽകിയിരുന്നു. നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഉയരം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഹൈവേ അധികൃതർ നൽകിയ മറുപടിയെന്നു പ്രസിഡന്റ് പറഞ്ഞു.