തൃശൂർ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും: ശ്രീകണ്ഠൻ
1429743
Sunday, June 16, 2024 7:38 AM IST
തൃശൂർ: തെരഞ്ഞെടുപ്പിലെ ഒരു അപ്രതീക്ഷിതതോൽവി സൃഷ്ടിച്ച ആഘാതവും പ്രയാസവും പ്രശ്നങ്ങളും മാത്രമേ തൃശൂരിലെ കോൺഗ്രസിൽ ഉള്ളൂവെന്നും അതു പരിഹരിക്കാനാകുമെന്നും വി.കെ. ശ്രീകണ്ഠൻ ‘ദീപിക’യോടു പറഞ്ഞു. തൃശൂർ ഡിസിസിയുടെ ചുമതല താത്കാലികമായി ഏറ്റെടുക്കാൻ ഇന്നു ശ്രീകണ്ഠൻ എത്തും.
പരസ്പരം പഴിചാരിയതുകൊണ്ട് പ്രശ്നംതീരില്ല. പകരം എല്ലാവരെയും കണ്ട് നേതാക്കളുമായി സംസാരിച്ച് പ്രവർത്തകരുമായി ചർച്ചചെയ്ത് എല്ലാ കാര്യങ്ങളിലും ഒരു സമന്വയമുണ്ടാക്കി വളരെ സ്മൂത്തായി കൊണ്ടുപോവുക എന്നതാണ് ലക്ഷ്യം. പാർട്ടി നേതൃത്വം എന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യം അതാണ്.
തൃശൂരിലെ എല്ലാ സീനിയർ നേതാക്കളുമായും സംസാരിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചു മുന്നോട്ടു പോകാൻ എല്ലാ പിന്തുണയും അവർ ഉറപ്പുതന്നിട്ടുണ്ട്. ഇന്നു തൃശൂരിൽ എത്തി ചുമതല ഏറ്റെടുത്തശേഷം സീനിയർ നേതാക്കളുമായി ചർച്ച നടത്തും. അതിനുശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗവുമുണ്ട്.
അതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും. ഇപ്പോഴുള്ളതെല്ലാം ചെറിയ പ്രശ്നങ്ങളാണ്. അത് ഊതിപ്പെരുപ്പിച്ചു വലുതാക്കേണ്ടതില്ല: ശ്രീകണ്ഠൻ പറഞ്ഞു.
സ്വന്തം ലേഖകൻ