നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വൻഅഴിമതി: കോൺഗ്രസ്
1429862
Monday, June 17, 2024 1:40 AM IST
വടക്കാഞ്ചേരി: നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി വൻ അഴിമതിയെണന്നും സ്ഥലത്തെ തേക്കുമരങ്ങൾ മുഴുവൻ മുറിച്ചുവിറ്റതായും കോൺഗ്രസ്. സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് സംരഭമാണ് അഴിമതിയിൽ മുങ്ങിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
27-ാം ഡിവിഷനിലെ കുറാഞ്ചേരിയിൽ സംസ്ഥാനപാതയ്ക്കു സമീപം ആരംഭിച്ച പദ്ധതി രണ്ടുഘട്ടമായി 51 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞിട്ടും അസ്ഥികൂടമായി നിൽക്കുകയാണ്. വഴിയാത്രക്കാർക്കും സ്ത്രീകൾക്കും ശുചിത്വമുറികൾ ഉൾപ്പെടെ വിശ്രമിക്കുന്നതിനും ലഘു ഭക്ഷണം കഴിക്കുന്നതിനും സംസ്ഥാന വ്യാപകമായി പ്രധാനപാതകൾക്കു സമീപം ഇത്തരം സംരഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണു വടക്കാഞ്ചേരിക്കും കെട്ടിടം അനുവദിച്ചത്.
2020 നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, നാളിതുവരെയായിട്ടും നിർമാണം പൂർത്തീകരിച്ചിട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ ഇരുമ്പുസാമഗ്രികൾ തുരുമ്പെടുത്തു കഴിഞ്ഞു. കെട്ടിട നിർമാണം ആരംഭിച്ച സ്ഥലം വിവാദഭൂമിയാണ്. റവന്യൂ ഭൂമിയാണോ, പൊതുമരാമത്തുവകുപ്പിന് കീഴിലാണോ എന്ന് ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. കൂടാതെ പിറകുവശത്ത് റെയിൽവേ ട്രാക്കുമാണ്.
കൈവശഭൂമി മുനിസിപ്പാലിറ്റി കൈയേറി നിർമാണ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇതിനടുത്തുള്ള സ്വകാര്യ വ്യക്തി കോടതി വ്യവഹാരത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തർക്കഭൂമിയിയിൽ സൈറ്റ് പെർമിഷൻ കൊടുത്തതിലും ദുരുഹതയുണ്ട്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതി വടക്കാഞ്ചേരിയിൽ മാത്രമാണു പൂർത്തീകരിക്കാൻ കഴിയാഞ്ഞത്. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നഗരസഭ കൗൺസിലിൽ ചർച്ചയില്ലാതെയാണു നിർമാണ പ്രവർത്തനം ആരംഭിച്ചതെന്നു നഗരസഭ കൗൺസിലർ എസ്.എ.എ. ആസാദ് പറഞ്ഞു.
എന്നാൽ, കെട്ടിട നിർമാണം നടന്ന സ്ഥലത്തിനു പിറകുവശത്തുനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കുമരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
നഗരസഭ കൗൺസിലർ എസ്.എ.എ. ആസാദ്, ഡിസിസി സെക്രട്ടറി എൻ.ആർ. സതീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, നേതാക്കളായ ജയൻ മംഗലം, കെ.കെ. അബൂബക്കർ, ഫിലിപ്പ് ജേക്കബ്, ഇ.ആർ. ജയപ്രകാശ്, റോയ് ചിറ്റിലപ്പിള്ളി, ഇ.ജി. രാജീവ്, കെ.ഡി. ദിലീപ്, ഉണ്ണി തെനംപമ്പ് എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.