മണീടിൽ വീട് കുത്തിത്തുറന്ന് 30 പവനും രണ്ടു ലക്ഷവും കവർന്നു
1513746
Thursday, February 13, 2025 7:14 AM IST
പിറവം: മണീടിനടുത്ത് നെച്ചൂരിൽ വീട്ടുകാർ പള്ളിയിൽ പെരുനാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു. നെച്ചൂർ വൈഎംസിഎയ്ക്ക് സമീപം താമസിക്കുന്ന ഐക്യനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. ഇവിടെയുണ്ടായിരുന്ന സിസി ടിവിയുടെ ഹാർഡ് ഡിസ്കും മോഷ്ടാക്കാൾ കൊണ്ടുപോയി.
നെച്ചൂരിലെ യാക്കോബായ പള്ളിയിലും, ഓർത്തഡോക്സ് പള്ളിയിലും ഒരേ ദിവസമാണ് പെരുന്നാൾ. പ്രധാന പെരുന്നാൾ ദിവസമായ ഇന്നലെ രാത്രി പ്രദക്ഷിണവും മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാനായി പ്രദേശത്തെ ഭൂരിഭാഗം വീട്ടുകാരും പോയിരുന്നു. ഈ തക്കം നോക്കിയായിരുന്നു മോഷണം. പള്ളിക്ക് സമീപം പുത്തൻനടയിൽ മറ്റൊരു വീട്ടിലും മോഷണ ശ്രമമുണ്ടായതായി പറയുന്നുണ്ട്. വീടിന്റെ മുകൾത്തട്ടിൽ കാൽപ്പെരുമാറ്റം കേട്ട് വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ ബഹളംവച്ചപ്പോൾ മോഷ്ടാക്കൾ ഓടിപ്പോയതായി പറയുന്നു.
വീടിന്റെ പിറകുവശത്തെ അടുക്കള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലെ അലമാര പൊളിച്ച് ഇതിനുള്ളിലുണ്ടായിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. വീടിന് ചുറ്റും സിസി ടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഹാർഡ് ഡിസ്കും എടുത്തുകൊണ്ടുപോയത് വീടിനെ കുറിച്ച് അറി യാവുന്നവരാണോ ഇതിനു പി ന്നിലെന്ന സംശയമുണർത്തു ന്നു. വൈകുന്നേരം 8.30 ഓടെയാണ് വീട്ടുകാർ പള്ളിയിൽ പോയത്. രാത്രി 10.30 ഓടെ തിരിച്ചത്തുകയും ചെയ്തു. ഈ രണ്ടു മണിക്കൂറിനുള്ളിലായിരുന്നു മോഷണം. പിറവം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഫിംഗർപ്രിന്റ് ബ്യൂറോയിൽ നിന്നുമെത്തിയ കെ.ബി. അജേഷ്, കെ.എസ്. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തൃപ്പൂണിത്തറ ക്യാമ്പിൽ നിന്നുമെത്തിച്ച പോലിസ് നായ റോണിയും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം നെച്ചൂർ കടവിന് സമീപം നിർക്കുഴി ഭാഗത്തുള്ള വീട്ടിൽ നിന്നും എട്ടര പവൻ സ്വർണവും 3000 രൂപയും സമാന രീതിയിൽ കവർന്നതാണ്.
ഈ സംഭവത്തിൽ പ്രതികളെ ഇതുവരെ പിടിക്കാനായിട്ടില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് മുളക്കുളം കത്തോലിക്കാ പള്ളിയിലെ തിരുനാളിനിടെയും പ്രദേശത്ത് മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.