പൈനാപ്പിൾ വ്യാപാരികളുടെ മാർച്ചും ധർണയും ഇന്ന്
1513718
Thursday, February 13, 2025 7:14 AM IST
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൈനാപ്പിൾ വ്യാപാരികൾ ഇന്ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് വാഴക്കുളം ക്ഷേമനിധി ഓഫീസിനു മുന്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ധർണ ഉദ്ഘാടനം ചെയ്യും.
പൈനാപ്പിൾ മാർക്കറ്റിൽ തൊഴിലാളികളുടെ കുറവുമൂലം യഥാസമയം ലോറികളിൽ ലോഡ് കയറ്റി ഇതര സംസ്ഥാന വിപണികളിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്ന ആരോപണമാണ് അസോസിയേഷൻ ഉന്നയിച്ചിട്ടുള്ളത്. ഓരോ ഷിഫ്റ്റിലും 25 തൊഴിലാളികളെ ലഭ്യമാക്കണമെന്നായിരുന്നു യൂണിയൻ നേതാക്കളുമായി നടത്തിയ കരാർ.
എന്നാൽ ഇതു പാലിക്കാതെ പല ദിവസങ്ങളിലും പതിനഞ്ചിൽ താഴെ മാത്രം തൊഴിലാളികളാണ് ലോഡ് കയറ്റുന്നതിന് ഹാജരാകുന്നത്. യഥാസമയം ലോഡ് അയയ്ക്കാൻ കഴിയാതെ വരുന്നതിനാൽ വ്യാപാരികൾക്ക് ഭീമമായ നഷ്ടം ഉണ്ടാകുകയാണ്. പൈനാപ്പിൾ കയറ്റുന്നതിനുള്ള തൊഴിലാളികളുടെ കുറവ് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ ഉയർത്തുന്നത്.