കടുവാപ്പേടിയിൽ നാട്ടുകാർ
1513720
Thursday, February 13, 2025 7:14 AM IST
കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴി പ്ലാന്റേഷനിൽ കടുവ കൊന്ന പശുവിനെ ഭക്ഷിച്ച് തീരുന്പോൾ ഇനിയും വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്കയിൽ നാട്ടുകാർ. കടുവയെ കൂട് വച്ചോ, മയക്കു വെടിവച്ചോ പിടികൂടി കടുവാ സങ്കേതത്തിലേക്ക് മാറ്റിയാലേ ആശങ്കയൊഴിയൂവെന്ന് അവർ പറഞ്ഞു. പകൽ പുറത്തിറങ്ങാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്.
ഇതിനിടെ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പ്ലാന്റേഷനിലെന്ന പേരിൽ വനംവകുപ്പ് സ്ഥിരീകരിക്കാത്ത, കടുവയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയിൽ നിന്നുള്ള ചിത്രമെന്നാണ് പ്രചരണം.
ഏകദേശം എട്ട് വയസുള്ള ആരോഗ്യവുമുള്ള കടുവയാണെന്ന് ഉദ്യോഗസ്ഥർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കടുവയുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ചിത്രം കുളങ്ങാട്ടുകുഴിയിലേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച പ്ലാന്റേഷനിൽ മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ജനവാസമേഖലയ്ക്കടുത്ത് കടുവയുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. ഒരാഴ്ചയായിട്ടും കടുവ ഇവിടംവിട്ട് പോയിട്ടില്ല. പശുവിനെ പൂർണമായും തിന്നുതീർത്ത സാഹചര്യത്തിൽ കടുവ മറ്റൊരു ഇരയെ വേട്ടയാടാനുള്ള സാധ്യതയാണുള്ളത്. ഈ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ പ്ലാന്റേഷനിലേക്ക് കടത്തിവിടരുതെന്ന് അധികൃതർ നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കടുവ ജനവാസമേഖലയിൽ നിന്ന് കൂടുതൽ അകന്നുപോയെന്ന് ഉറപ്പാകുന്നതുവരെ പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു. കടുവയുടെ നീക്കങ്ങൾ പ്ലാന്റേഷനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ വഴി നിരീക്ഷിക്കുന്നുണ്ട്.
വനംവകുപ്പിന്റെ പ്രത്യേക പട്രോളിംഗ് സംഘവും സ്ഥലത്തുണ്ട്. കടുവയെ പിടികൂടാതെ പ്ലാന്റേഷനിൽതന്നെ വിഹരിക്കാൻ വിടുന്നതിനുള്ള വനംവകുപ്പിന്റെ തീരുമാനത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.