മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡ് ഏപ്രിലിൽ പൂര്‍ത്തീകരിക്കും: മന്ത്രി
1513731
Thursday, February 13, 2025 7:14 AM IST
അങ്കമാലി: റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മൂക്കന്നൂര്‍-ഏഴാറ്റുമുഖം-ബ്ലാച്ചിപ്പാറ-പാലിശേരി റോഡിന്റെ നിര്‍മാണം ഏപ്രില്‍ മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
റോഡ് നിര്‍മാണം അനന്തമായി നീണ്ടു പോകുന്നത് ഒഴിവാക്കി ഈ സീസണില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
റോഡിന്റെ നിര്‍മാണം നീണ്ട് പോകുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇത് പരിഹരിക്കാന്‍ നിരവധി തവണ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നെങ്കിലും ഇതുവരെ പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി മന്ത്രി തന്നെ ഒരു യോഗം വിളിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.റോഡിന്റെ പുനരുദ്ധാരണം മാത്രമാണ് ആദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഫ്രീ സറണ്ടര്‍ വ്യവസ്ഥയില്‍ ഭൂമി ലഭ്യമാക്കാമെന്നും വീതി വര്‍ധിപ്പിച്ച് പ്രവര്‍ത്തി ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു.
എന്നാല്‍ ഫണ്ടിംഗ് ഏജന്‍സിയായ ജര്‍മ്മന്‍ ബാങ്ക് സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പ്രവൃത്തി വൈകുന്ന സാഹചര്യം ഉണ്ടായതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിലവില്‍ 87 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചതായും 60 കൾ്വെര്ട്ടുകള് പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട സമയ പരിധി 2025 ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ടൈ ഷെഢ്യൂള്‍ തയാറാക്കി മോണിറ്റര്‍ ചെയ്യുന്നതിന് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.