പാതിവില തട്ടിപ്പ് ഫോർട്ട്കൊച്ചിയിലും
1513744
Thursday, February 13, 2025 7:14 AM IST
മട്ടാഞ്ചേരി: പാതിവില തട്ടിപ്പിൽ ഫോർട്ട്കൊച്ചിയിൽ നിന്ന് മാത്രം അരക്കോടിയിലേറെ രൂപ തട്ടിയെടുത്തതായി പരാതി. ഫോർട്ട്കൊച്ചി അമരാവതി കളത്തറ വീട്ടിൽ അനൂപ് ഫ്രാൻസിസ് നൽകിയ പരാതിയിൽ ആനന്ദകുമാർ, അനന്തു കൃഷ്ണൻ എന്നിവരെ പ്രതി ചേർത്ത് ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തു.
അനൂപ് ഫ്രാൻസീസ് ചെയർമാനായ കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി, കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ടൂറിസം സൊസൈറ്റി എന്നിവയിലെ അംഗങ്ങൾ 91 പേരിൽ നിന്നായി 53 ലക്ഷത്തിലധികം രൂപ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് അയച്ചെന്നാണ് പരാതി.
കഴിഞ്ഞ മാർച്ച് 26 മുതൽ ഏപ്രിൽ എട്ടു വരെയുള്ള തീയതികളിൽ പല തവണകളായി അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്രഫഷണൽ സർവീസസ് ഇന്നവേഷൻസ് എൽഎൽപി എന്ന കമ്പനിയുടെ എച്ച്ഡിഎഫ്സി ഇയ്യാട്ട്മുക്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകിയെന്നാണ് പരാതി.
ആനന്ദകുമാറിന്റെ നിർദേശ പ്രകാരമാണ് പണം അയച്ചതെന്നും പരാതിയിൽ പറയുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ നൽകുന്നതിനാണ് പണം ശേഖരിച്ചത്. എന്നാൽ ഇവ നൽകാതെ വഞ്ചിക്കുകയായിരുന്നു.
അതേസമയം ഫോർട്ട്കൊച്ചിയിൽ തന്നെ മറ്റ് പലരും തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പരാതി നൽകാൻ തയാറായിട്ടില്ല. പലരോടും അടച്ച പണം തിരികെ നൽകാമെന്ന ഉറപ്പ് നൽകിയാണ് പരാതിയിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും പറയുന്നു.