ചെറായി പൂരം: ലക്ഷണങ്ങളിൽ ഒന്നാമനായി ശിവരാജു തിടമ്പേറ്റി
1513737
Thursday, February 13, 2025 7:14 AM IST
ചെറായി: നൂറുകണക്കിന് ആന പ്രേമികളുടെ ഹർഷാരവങ്ങളെ സാക്ഷിയാക്കി ചെറായി പൂരത്തിനു തെക്കേ ചേരുവാരക്കാർ അണിനിരത്തിയ ഗജകേസരി തൃക്കടവൂർ ശിവരാജു സുബ്രഹ്മണ്യ ഭഗവാന്റെ തിടമ്പേറ്റി. ഇന്നലെ രാവിലെ ഗജമണ്ഡപത്തിൽ നടന്ന യോഗ്യതാ നിർണയ ചടങ്ങിൽ വടക്കേ ചേരുവാരത്തിന്റെ കുട്ടൻ കുളങ്ങര അർജുനനെ പിന്തള്ളിയാണ് ലക്ഷണങ്ങൾ തികഞ്ഞ ശിവരാജു തിടമ്പണിഞ്ഞത്.
നിയമതടസമുള്ളതിനാൽ പതിവുപോലെ തിടമ്പിനായി തലപ്പൊക്ക മത്സരമുണ്ടായില്ല. മറിച്ച് രണ്ട് ആനകളെയും ഗജമണ്ഡപത്തിൽ അണിനിരത്തിയ ശേഷം മേൽശാന്തി എം.ജി. രാമചന്ദ്രൻ ലക്ഷണമൊത്ത ഗജവീരനെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. മത്സരമില്ലാതിരുന്നതിനാൽ ആനപ്രേമികൾ കടുത്ത നിരാശയിലായിരുന്നു. തിടമ്പ് നിർണയ ചടങ്ങിനു ശേഷം ശ്രീബലിയും വൈകുന്നേരം 15 ഗജവീരന്മാർ അണിനിരന്ന പകൽപ്പൂരവും രാത്രി വർണമഴയും ഉണ്ടായിരുന്നു.