മട്ടാഞ്ചേരി ബോട്ട് ജെട്ടി ഇരുട്ടിൽ; പ്രതിഷേധം ശക്തമാകുന്നു
1513728
Thursday, February 13, 2025 7:14 AM IST
മട്ടാഞ്ചേരി: ആറു വർഷത്തെ ഇടവേളക്ക് ശേഷം മട്ടാഞ്ചേരിയിൽ നിന്ന് ബോട്ട് സർവീസ് ആരംഭിച്ചെങ്കിലും ജെട്ടിയെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ നടപടിയായില്ലാത്തത്തിൽ പ്രതിഷേധം ശക്തമാകുന്നു.
രാവിലെയും വൈകിട്ടുമാണ് ഇവിടെ നിന്ന് ബോട്ട് സർവീസുള്ളത്. സന്ധ്യ ആയാൽ ബോട്ട് ജെട്ടി ഇരുട്ടിലാകുന്ന അവസ്ഥയാണ്. ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും വൈദ്യുതി കണക്ഷൻ നൽകുന്നതിന് നടപടിയുണ്ടാകാത്തതാണ് ജെട്ടി ഇരുട്ടിലാകുന്നതിന് കാരണം. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. സ്ത്രീകൾ ഉൾപ്പടെ തട്ടി വീഴുന്ന അവസ്ഥയുമുണ്ട്. പലപ്പോഴും ബോട്ട് ജീവനക്കാർ ടോർച്ച് തെളിച്ചാണ് യാത്രക്കാരെ ജെട്ടിക്ക് പുറത്തേക്ക് എത്തിക്കുന്നത്.
ബോട്ട് ജെട്ടിയിലെ ഇരുട്ടിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മെഴുക് തിരി തെളിയിച്ച് യാത്രക്കാർക്ക് വെളിച്ചം പകർന്നായിരുന്നു പ്രതിഷേധം. പി.കെ. ഷിഫാസ് ഉദ്ഘാടനം ചെയ്തു. കെ.എ. അനൂപ് അധ്യക്ഷത വഹിച്ചു.