സ്വകാര്യ ബസിന് അടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം
1513532
Wednesday, February 12, 2025 10:34 PM IST
കോതമംഗലം: ടൗണിൽ സ്വകാര്യ ബസിന് അടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ഹൈറേഞ്ച് ജംഗ്ഷനിൽ ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം.
രാമല്ലൂർ എലവുംപറന്പ് ചെങ്ങമനാട്ടുകുടി പരേതനായ സേവ്യറിന്റെ ഭാര്യ മറിയക്കുട്ടി(83) ആണ് മരിച്ചത്. പൂയംകുട്ടിയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. ഇതേ ബസിലെ യാത്രക്കാരിയായിരുന്നു മറിയക്കുട്ടി.
സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ റോഡിൽ വീണുപോയ മറിയക്കുട്ടിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറുകയായിരുന്നു. മറിയക്കുട്ടി ഇറങ്ങുന്നതിന് മുന്പേ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാല് ദിവസം മുന്പും സമാനമായ അപകടത്തിൽ കോതമംഗലത്ത് മറ്റൊരു മനുഷ്യ ജീവനും നഷ്ടപ്പെട്ടിരുന്നു.
ഞായറാഴ്ച നെല്ലിക്കുഴിയിലാണ് സമാനമായ അപകടമുണ്ടായത്. സ്റ്റോപ്പിൽ ഇറങ്ങിയ കളത്തിക്കുടി ബെന്നി ബസിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു.
മറിയക്കുട്ടിയുടെ സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: മേരി, റോസിലി, പയസ്. മരുമക്കൾ: യോഹന്നാൻ, ജോർജ്, ഷീല.