വളന്തകാട് ദ്വീപിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി മരട് നഗരസഭ
1513729
Thursday, February 13, 2025 7:14 AM IST
മരട്: മരട് വളന്തകാട് ദ്വീപ് നിവാസികള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതിയുമായി നഗരസഭ. 17 ലക്ഷം രൂപ ചെലവില്‍ പുതിയ പൈപ്പ് ലൈന്‍ മരടില്‍ നിന്നും സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭാ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
നിലവില്‍ നെട്ടൂര്‍ ഭാഗത്തുകൂടി വരുന്ന പൈപ്പ് ലൈനിലൂടെ ദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യമായ ശുദ്ധജലം ലഭിക്കാത്തതിനാലാണ് മരടിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ദ്വീപിലെ കുടിവെള്ളക്ഷാമം പൂർണമായും മാറുമെന്ന് ചെയര്മാന് പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. രശ്മി സനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ശോഭ ചന്ദ്രന്, ബേബി പോള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.