രാമമംഗലത്ത് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനസജ്ജമായി
1513717
Thursday, February 13, 2025 7:14 AM IST
പിറവം: രാമമംഗലം പഞ്ചായത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം സജ്ജമാക്കി പരിശീലനം നൽകി. റോഡപകടമുണ്ടാവുമ്പോൾ ഉടൻ രക്ഷാപ്രവർത്തനടക്കമുള്ളവ നടത്തുന്നതിനു വേണ്ട ആളുകളെ കണ്ടെത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്.
റോഡുകളിലും തിരക്കേറിയ കവലകളിലും സ്ഥിരമായുള്ള വ്യാപാരികൾ, വാഹന ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയിലുള്ളവരെയാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗമാണ് ഇവർക്ക് പരിശീലനം നൽകിയത്.
രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ കുട്ടുകാരൻ ഗ്രൂപ്പിന്റെയും എസ്സിഎംഎസ് റോഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന റോഡ് സുരക്ഷാ ബോധവൽക്കരണം ‘സുരക്ഷിത് മാർഗിന്റെ’ ഭാഗമായിട്ടായിരുന്നു പരിശീലന പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി എൽദോ അധ്യക്ഷത വഹിച്ചു.